കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെടെ 12 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി. കേസില്‍ ജനുവരി 28ന് വിചാരണ തുടങ്ങും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതില്‍ ഹജരായ നടന്‍ ദിലീപ് അടക്കമുള്ള പന്ത്രണ്ട് പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.
സുപ്രിം കോടതി നിര്‍ദേശ പ്രകാരം കേസിലെ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ദിലീപടക്കമുള്ള പ്രതികളോട് ഇന്ന് ഹാജരാകണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.
അതേസമയം, കോടതിയില്‍ ഹാജരായ ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും കുറ്റം നിഷേധിച്ചു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശമുള്ളതനാല്‍ ജൂണ്‍ മാസത്തിനകം വിചാരണ നടപടികള്‍ കോടതി പൂര്‍ത്തിയാക്കിയേക്കും.
ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്. കേസിലുൾപ്പെട്ട ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആൻറണി, മൂന്നാം പ്രതി മണികണ്ഠൻ ,നാലാം പ്രതി വിജേഷ്, ആറാം പ്രതി പ്രദീപ്, ഒമ്പതാം പ്രതി സനൽകുമാർ എന്നിവർ റിമാന്റിലുള്ളത്. അഞ്ചാം പ്രതി സലിമിനും എട്ടാം പ്രതി ദിലീപിനും ഹൈക്കോടതിയും ഏഴാം പ്രതി ചാർളിക്കും പത്താം പ്രതി വിഷ്ണുവിനും കീഴ്കോടതിയും ജാമ്യം അനുവദിച്ചിട്ടുണ്ട്.ഇതിനിടെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെ ദിലീപ് അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കും.