നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്തിന്; പ്രതിഭാഗത്തിനെതിരെ ഹൈക്കോടതി

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. കേസിലെ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ടാംപ്രതി മാര്‍ട്ടിന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം ചോദിച്ചത്. ഹര്‍ജി കോടതി തള്ളുകയായിരുന്നു.

കേസില്‍ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ഇരയായ നടിയുടെ ആവശ്യം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു. സി.ബി.ഐ കോടതി ജഡ്ജി ഹണിവര്‍ഗ്ഗീസാണ് കേസില്‍ വാദം കേള്‍ക്കുക. കേസിലെ വിചാരണ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സമീപ ജില്ലകളില്‍ ജില്ലാ ജഡ്ജിയുടെ പദവിയുള്ള വനിതാ ജഡ്ജി ഇല്ലാത്ത സാഹചര്യത്തിലാണ് പ്രത്യേക സി.ബി.ഐ കോടതിയിലെ ജഡ്ജിയായ ഹണി വര്‍ഗീസിനെ പരിഗണിച്ചത്. സ്ത്രീകള്‍ ഇരകളായ നിരവധി കേസുകളുണ്ടെന്നും അതിലെല്ലാം വനിതാ ജഡ്ജി വേണമെന്ന ആവശ്യം പ്രായോഗികമാകില്ലെന്നും നടന്‍ ദിലീപ് വാദിച്ചിരുന്നു. എന്നാല്‍ ഇത് തള്ളുകയായിരുന്നു ഹൈക്കോടതി.

SHARE