കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് വീണ്ടും തിരിച്ചടി. പള്‍സര്‍ സുനി തന്നെ ഭീഷണിപെടുത്തിയെന്ന കേസും നടിയെ ആക്രമിച്ച കേസും രണ്ടായി പരിഗണിക്കണമെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് രണ്ടായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ ഇര താനാണെന്നും ഒരേ കേസില്‍ പ്രതിയായും ഇരയായും കണക്കാക്കരുതെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയത് നടിയെ ആക്രമിച്ച കേസിന്റെ തുടര്‍ച്ചയാണെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ എട്ടാം പ്രതിയാണ് നടന് ദിലീപ്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഇന്ന് കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ നടന്നിരുന്നു. സാക്ഷി വിസ്താരത്തിനായി കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. കുഞ്ചാക്കോ ബോബന്റെ സാക്ഷിവിസ്താരമാണ് ആദ്യം തുടങ്ങിയത്. നേരത്തെ രണ്ടുതവണ കുഞ്ചാക്കോ ബോബന് സമന്‍സ് അയച്ചെങ്കിലും ഷൂട്ടിംഗ് തിരക്കുമൂലം അദ്ദേഹത്തിന് എത്താന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസിലെ എട്ടാം പ്രതിയായ നടന് ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടുളള മുന്‍ മുന്‍വൈരാഗ്യം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് താരങ്ങളടക്കമുളളവരെ പ്രോസിക്യൂഷന് സാക്ഷികളായി വിസ്തരിക്കുന്നത്.
കേസില്‍ നേരത്തെ നടനും അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഇടവേള ബാബു കൂറുമാറിയിരുന്നു. പോലീസിന് നല്കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായാണ് ഇടവേള ബാബു കോടതിയില്‍ മൊഴി നല്‍കിയത്. ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓര്‍മ്മയില്ലെന്നാണ് ഇടവേള ബാബു കോടതിയില്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് ഇടവേള ബാബുവിനെ കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു.