നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മെയ് ഒന്നിലേക്ക് മാറ്റി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മെയ് ഒന്നിലേക്ക് മാറ്റി. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന പ്രമുഖ അഭിഭാഷകന് ഹാജരാകാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.

സുപ്രീം കോടതി വിധി വരുന്നത് വരെ കുറ്റം ചുമത്തരുത് എന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. ദൃശ്യങ്ങള്‍ക്കൊപ്പം സ്ത്രീ ശബ്ദമുണ്ടെന്നും അത് സംശയാസ്പദമാണെന്നുമാണ് ദിലീപിന്റെ വാദം. ശബ്ദത്തിന്റെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കണമെന്നും അതിനായി ദൃശ്യങ്ങള്‍ വേണമെന്നുമാണ് ദിലീപിന്റെ ആവശ്യം.