ദിലീപിനു വേണ്ടി പത്തൊമ്പത് വക്കീലന്‍മാര്‍; ചലച്ചിത്ര താരങ്ങളടക്കം 136 സാക്ഷികളെ വിസ്തരിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം സി.ബി.ഐ കോടതിയില്‍ സാക്ഷിവിസ്താരം തുടങ്ങി. മുഖ്യസാക്ഷിയും ഇരയുമായ നടിയെ വിസ്തരിക്കുന്ന നടപടികളാണ് തുടങ്ങിയത്. ദിലീപ് ഉള്‍പ്പെടെ പത്തുപ്രതികളും ഹാജരായിരുന്നു. രാവിലെ 11 മണി മുതല്‍ വൈകിട്ട് 4.30വരെയായിരുന്നു ഇന്നലത്തെ വിസ്താരം. ഇന്നും നടിയെയാണ് വിസ്തരിക്കുന്നത്. ഫെബ്രുവരി അഞ്ചുവരെ നടിയെ വിസ്തരിക്കും. ഇതിനുശേഷം പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം നടക്കും. ഇരയുടെ സ്വകാര്യത കണക്കിലെടുത്ത് അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടക്കുന്നത്.

ഇന്നലെ രാവിലെ 10.30 നാണ് ഇരയായ നടി കോടതിയിലെത്തിയത്. തൊട്ടുപിന്നാലെ ജയിലില്‍ നിന്ന് പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ ജയിലില്‍ നിന്നെത്തിച്ചു. എട്ടാം പ്രതിയും നടനുമായ ദിലീപ് 10.50 ന് എത്തി. തുടര്‍ന്ന് പതിനൊന്നോടെ കോടതി നടപടികള്‍ ആരംഭിച്ചു. വൈകിട്ട് 4.35 നാണ് ആദ്യ ദിവസത്തെ സാക്ഷിവിസ്താരം അവസാനിച്ചത്. അടച്ചിട്ട കോടതി മുറിയില്‍ ഇന്നലെ പത്തു പ്രതികള്‍ക്കു വേണ്ടി 30 അഭിഭാഷകരാണ് ഹാജരായത്. ഇതില്‍ 19 പേര്‍ ദിലീപിനു വേണ്ടി ഹാജരായവരാണ്. ജഡ്ജി, കോടതി സ്റ്റാഫ്, അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂട്ടര്‍, ഇര, പ്രതികള്‍, ഇവരുടെ അഭിഭാഷകര്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് കോടതിമുറിയില്‍ പ്രവേശനമുള്ളത്.

ഏപ്രില്‍ ഏഴുവരെ തുടരുന്ന ആദ്യഘട്ട വിസ്താരത്തില്‍ ചലച്ചിത്ര താരങ്ങളടക്കം 136 സാക്ഷികളെ വിസ്തരിക്കും. ആകെ 359 പേരുടെ സാക്ഷിപ്പട്ടിയാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുള്ളത്. 161 രേഖകളും 250 തൊണ്ടിമുതലുകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെടുന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് ഷൂട്ടിംഗിനായി വരികയായിരുന്ന നടിയെ പ്രതികള്‍ ആക്രമിച്ച് അശഌലദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ നടന്‍ ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതു ചെയ്തതെന്ന് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ദിലീപും പ്രതിയായത്. പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇന്നു കോടതി പരിശോധിച്ചേക്കും.

SHARE