നടി ഭാമയെ ഇന്ന് വിസ്തരിക്കും; ഇടവേള ബാബുവിന്റെ മൊഴി ദിലീപിന് അനുകൂലം

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയെ ഇന്ന് പ്രോസിക്യൂഷന്‍ വിസ്തരിക്കും. ആക്രമണത്തിന് ഇരയായ നടിയോട് നടന്‍ ദിലീപിന് ഉണ്ടായിരുന്ന മുന്‍ വൈരാഗ്യത്തെക്കുറിച്ചാണ് പ്രോസിക്യൂഷന്‍ താരങ്ങളില്‍ നിന്ന് വിവരം തേടുന്നത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

അതേസമയം, കേസില്‍ കഴിഞ്ഞ ദിവസം താരസംഘടനയായ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ദിലീപിന് അനുകൂലമായാണ് മൊഴി നല്‍കിയത്. ഇതേ തുടര്‍ന്ന് ഇടവേള ബാബുവിനെ ഇന്നലെ കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്.

പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായാണ് ഇടവേള ബാബു കോടതിയില്‍ മൊഴി നല്‍കിയത്. എട്ടാം പ്രതിയായ നടന്‍ ദിലീപ് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി സംഘടനയില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ രേഖാമൂലം പരാതി നല്‍കിയില്ലെന്നും സംഘടന പറഞ്ഞിരുന്നു. ഈ വാദത്തിന് എതിരായിട്ടാണ് ഇടവേള ബാബു മൊഴി നല്‍കിയത്. ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓര്‍മ്മയില്ലെന്നാണ് ഇടവേള ബാബു കോടതിയില്‍ പറഞ്ഞത്.

SHARE