നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രതിയുടെ അവകാശത്തെ ഹനിക്കരുതെന്ന് കാണിച്ചാണ് ദിലീപ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ നടിയുടെ സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജിയെ പൊലീസ് എതിര്‍ക്കുന്നുണ്ട്.

ഹൈക്കോടതിയിലെ ഹര്‍ജിയില്‍ തീരുമാനം ആകുന്നത് വരെ വിചാരണ തുടങ്ങരുതെന്ന ദിലീപിന്റെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. ക്രിമിനല്‍ നടപടിക്രമവും തെളിവ് നിയമവും അനുസരിച്ച് പ്രതിയെന്ന നിലയിലുള്ള അവകാശം സംരക്ഷിക്കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ദിലീപിന് കൈമാറിയാല്‍ ദൃശ്യങ്ങള്‍ പുറത്താകുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

SHARE