ദിലീപിനൊപ്പം അഭിനയിക്കുന്നതെന്തിന്?; പ്രതികരണവുമായി നടി അനു സിത്താര

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അടങ്ങിനില്‍ക്കെ പുതിയ വിവാദം ഉടലെടുക്കുന്നു. ദിലീപും നടി അനുസിത്താരയും ജോഡികളായി അഭിനയിച്ച പുതിയ ചിത്രം ശുഭരാത്രി തിയ്യേറ്ററികളില്‍ ഓടുന്നതിനിടെയാണ് അനുസിത്താരക്കെതിരെയുള്ള വിമര്‍ശനം. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനൊപ്പം അഭിനയിക്കാന്‍ മടിയില്ലേയെന്ന് തുടങ്ങി അനുസിത്താരക്ക് വിമര്‍ശനങ്ങളും നേരിടേണ്ടി വരുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

ദിലീപിനൊപ്പം അഭിനയിക്കാന്‍ മടിയില്ലേ എന്ന ചോദ്യത്തിന് താരത്തിന് വ്യക്തമായ മറുപടിയും ഉണ്ട്. ദിലീപിനോടൊപ്പം അഭിനയിക്കുക എന്നത് തന്റെ ഏറെനാളത്തെ ആഗ്രഹമായിരുന്നുവെന്നാണ് അനുസിത്താര പറയുന്നത്. അദ്ദേഹത്തെ പോലെ ഒരു നടന്റെ സിനിമയോട് താന്‍ ഒരിക്കലും ‘നോ’ പറയില്ലെന്നുമായിരുന്നു അനു സിത്താര തിരിച്ചടിച്ചത്. ദിലീപിനൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന ഒരവസരവും താന്‍ വേണ്ടെന്ന് വെക്കില്ലെന്നും അനു സിത്താര പറഞ്ഞതായാണ് വിവരം.

കേസില്‍ പ്രതിയായതിനു ശേഷമാണ് ദിലീപ് നായകനായ ‘രാമലീല’ എന്ന ചിത്രം പുറത്തിറങ്ങുന്നത്. ‘രാമലീല’ തീയറ്ററുകളില്‍ ഗംഭീര വിജയം നേടി. കമ്മാരസംഭവം, കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്നീ ചിത്രങ്ങളിലൂടെ തന്റെ തിരിച്ചുവരവ് ശക്തമാക്കുകയായിരുന്നു ദിലീപ്.