പ്രതികരണവുമായി ഐശ്വര്യ ലക്ഷ്മി, അമല്‍ നീരദ്, പ്രിയങ്ക ചോപ്ര; ഒപ്പം മോദിഭക്ത കങ്കണയും

കൊച്ചി: പൗരത്വ നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിനിമാതാരങ്ങള്‍. മലയാള നടി ഐശ്വര്യ ലക്ഷ്മിയും സംവിധായകന്‍ അമല്‍ നീരദും, ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും ശക്തമായി പ്രതികരിച്ചത്. അതിനിടെ, മോദി ഭക്തയായ കങ്കണ റാണൗത്തും പ്രതികരണവുമായി രംഗത്തെത്തി.

എഴുത്തുകാരിയും സാമൂഹ്യനിരീക്ഷകയുമായ അരുന്ധതി റോയ് ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയുമര്‍പ്പിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ പ്രസ്ഥാവന പങ്കുവെച്ച് കൊണ്ടാണ് ഐശ്വര്യ തന്റെ പ്രതികരണം അറിയിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുക്കുമേല്‍ നോട്ട് നിരോധനം അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ അനുസരണയോടെ നമ്മള്‍ ബാങ്കിന്റെ മുന്നില്‍ വരി നിന്നവരാണ്. ഇപ്പോള്‍ എന്‍ആര്‍സിയിലൂടെ നമ്മുടെ ഭരണഘടന തകര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ കൂടി അനുസരണയോടെ വരി നില്‍ക്കാന്‍ പോവുകയോണോ? സ്വാതന്ത്രത്തിന് ശേഷമുള്ള ശക്തമായ ഭീഷണിയാണ് നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ദയവായി എഴുന്നേറ്റ് നില്‍ക്കൂ’ എന്ന് ആഹ്വാനം ചെയ്യുന്ന അരുന്ധതിയുടെ പോസ്റ്റാണ് ഐശ്വര്യ പങ്കുവെച്ചത്.

എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം എന്നത് നമ്മുടെ സ്വപ്നമാണ്. വിദ്യാഭ്യാസം അവരെ സ്വതന്ത്രരായി ചിന്തിക്കാന്‍ പ്രാപ്തരാക്കും. പ്രതികരിക്കാന്‍ ശേഷിയുളളവരായിരിക്കാനാണ് അവരെ നമ്മള്‍ വളര്‍ത്തിയത്. ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതികരിക്കുമ്പോള്‍ അതിനെ ഇങ്ങനെ അക്രമം കൊണ്ട് നേരിടുന്നത് ശരിയല്ല. ഓരോ ശബ്ദവും പ്രധാനപ്പെട്ടതാണ്. ഓരോ ശബ്ദവും പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തെ ശക്തിപ്പെടുത്തും’ എന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.

പൗരത്വ ഭേദഗതി നിയമത്തില്‍ ബോളിവുഡ് താരങ്ങള്‍ നിശബ്ദത പാലിക്കുന്നത് അവര്‍ ഭീരുക്കളായത് കൊണ്ടാണെന്ന് കങ്കണ പറഞ്ഞു. അവര്‍ സമൂഹത്തിലെ പ്രിവില്ലേജ്ഡായ ആളുകളാണ്. രാജ്യത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് അവര്‍ ബോധവാന്‍മാരല്ല. അവരില്‍ തനിക്കൊരു പ്രതീക്ഷയില്ലെന്നും കങ്കണ പറഞ്ഞു. സമരം നടത്തിയ ജാമിഅ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസ് മര്‍ദ്ദനമുണ്ടായ സംഭവത്തേയും കങ്കണ വിമര്‍ശിച്ചു. നേരത്തെ, മോദി സര്‍ക്കാരിനെ നിരന്തരം പിന്തുണച്ച് രംഗത്തുവന്നിരുന്ന ബോളിവുഡ് താരാമായിരുന്നു കങ്കണ.

‘വിദ്യാര്‍ത്ഥികളെ കണ്ടുപഠിക്കൂ’വെന്ന് ജാമിയ മില്ലിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ആലിയാ ഭട്ട് പറഞ്ഞു. ഇതുവരെ ഹിന്ദി ചലച്ചിത്ര രംഗത്തെ വളരെ കുറച്ച് പ്രമുഖര്‍ മാത്രമാണ് പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളൂ. അതിനിടയിലാണ് ആലിയ ഭട്ടിന്റെ പ്രതികരണം.

ഇന്ത്യന്‍ ഭരണഘടന ചിത്രം ഇന്‍സ്റ്റാഗ്രാമിലെ സ്റ്റാറ്റസായി നല്‍കിയ ആലിയ വിദ്യാര്‍ത്ഥികളെ കണ്ടുപഠിക്കാനും ആഹ്വാനം ചെയ്യുന്നു. ഹോളിവുഡ് താരമായ ജോണ്‍ കുസാക്ക്, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, നടന്‍ രാജ്കുമാര്‍ റാവു, നടി സയാനി ഗുപ്ത തുടങ്ങിയവരാണ് ജാമിഅ മില്ലിയ പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

മലയാളത്തിലും വിമര്‍ശനവുമായി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാളത്തിലെ യുവതാരങ്ങളില്‍ വിമര്‍ശനവുമായി നടി അനശ്വര രാജനും. ‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’ എന്ന വാക്കുകളോടെ, പൗരത്വഭേദഗതി നിയമം നിരസിക്കുക എന്ന ഹാഷ്ടാഗോടെയാണ് താരത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസ്ത്രം കണ്ടാല്‍ പ്രതികരിക്കുന്നവരെ തിരിച്ചറിയാം എന്ന പരാമര്‍ശത്തിനുള്ള മറുപടി കൂടിയായാണ് ഹിജാബ് ധരിച്ചുള്ള അനശ്വരയുടെ പ്രതികരണം.

ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത് ഹിജാബ് ധരിക്കുന്ന ചിത്രമായിരുന്നു. തന്റെ കൂട്ടുകാരി ഷബ്‌ന മുഹമ്മദിനോടൊപ്പമുള്ള ചിത്രത്തിലാണ് അനശ്വര രാജന്‍ പൗരത്വം ‘നഷ്ടപ്പെടുന്ന’ മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിജാബ് ധരിച്ചെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി താരങ്ങളാണ് നിയമത്തിനെതിരെ രംഗത്തുവന്നത്. ബില്‍ പാസാക്കിയതിനു ശേഷം ആദ്യമായി വിമര്‍ശനവുമായി രംഗത്തെത്തിയത് നടി പാര്‍വ്വതിയാണ്. പിന്നീട് ജാമിഅ മില്ലിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പൊലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തി. അതിനിടെ പ്രതികരണവുമായി മമ്മുട്ടിയും ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തി.

മതനിരപേക്ഷതയും ജനാധിപത്യവും തുല്യതയും നമ്മളുടെ ജന്മാവകശമാണെന്നും അത് തകര്‍ക്കാനുള്ള ഏത് ശ്രമത്തിനെയും ചെറുക്കണമെന്നും ദുല്‍ഖര്‍ പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ദുല്‍ഖറിന്റെ പ്രതികരണം. ഈ അതിരുകള്‍ക്കപ്പുറത്ത് നമ്മളെയെല്ലാവരും ഇന്ത്യന്‍ എന്നാണ് വിളിക്കുന്നതെന്ന് എഴുതിയിരിക്കുന്ന ഇന്ത്യയുടെ ഭൂപടവും ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മതനിരപേക്ഷത എന്നും നിലനില്‍ക്കട്ടെ, നമുക്ക് ഒരുമിച്ച് നില്‍ക്കാം എന്നിങ്ങനെയാണ് ഹാഷ് ടാഗ്.

അമല പോള്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ബിനീഷ് ബാസ്റ്റിന്‍, ടോവിനോ തോമസ്, സണ്ണിവെയിന്‍, ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഷെയിന്‍ നിഗം, ആന്റണി വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍, അനൂപ് മേനോന്‍, ഗീതുമോഹന്‍ദാസ് തുടങ്ങിയവര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രതിഷേധം അടിച്ചമര്‍ത്താനെത്തിയ പോലീസിനു നേരെ വിരല്‍ ചൂണ്ടി വിറപ്പിച്ച മലയാളി വിദ്യാര്‍ഥി അയിഷ റെന്നയ്ക്ക് അഭിനന്ദനമറിയിച്ചായിരുന്നു കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ജനിച്ചതും ജീവിക്കുന്നതും മരിക്കുന്നതും ഇന്ത്യയില്‍ ആയിരിക്കും. ഉമ്മാക്കിയുമായി ഒരു അമിട്ടും ഇങ്ങോട്ട് വരേണ്ട’എന്നായിരുന്നു ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം. മതനിരപേക്ഷത വാഴട്ടെ എന്നായിരുന്നു ഇന്ദ്രജിത്തിന്റെ പ്രതികരണം. ‘ഇന്ത്യ നിന്റെ തന്തയുടെതല്ല’എന്നാണ് അമല പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ജാമിഅ വിദ്യാര്‍ഥിനി ആയിഷ റെനയുടെ സമരപോരാട്ട ഫോട്ടോക്ക് അടിക്കുറിപ്പായി പങ്കുവെച്ചത്. ഡല്‍ഹി പൊലീസിന്റെ വ്യത്യസ്ത സമീപനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഫോട്ടോയും അമല പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.

SHARE