താരങ്ങള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ പുതിയ സിനിമകള്‍ ഉണ്ടാവില്ല; മുന്നറിയിപ്പുമായി നിര്‍മ്മാതാക്കള്‍

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സിനിമാ താരങ്ങള്‍ സഹകരിക്കണമെന്ന് നിര്‍മ്മാതാക്കള്‍. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം. എങ്കില്‍ മാത്രമേ നിര്‍മ്മാണ ചെലവ് പകുതിയായി കുറയ്ക്കാന്‍ സാധിക്കുകയുളളൂ. ഇല്ലെങ്കില്‍ പുതിയ സിനിമകള്‍ ഉണ്ടാകില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസമായി സിനിമാ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. രാജ്യം ഘട്ടം ഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളോടെ ഷൂട്ടിങ് ആരംഭിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിസന്ധി മറികടക്കാന്‍ നിര്‍മ്മാതാക്കള്‍ സിനിമാ താരങ്ങള്‍ക്ക് മുന്‍പില്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നതാണ് മുഖ്യ ആവശ്യം. ഇല്ലെങ്കില്‍ പുതിയ സിനിമകള്‍ ഉണ്ടാകില്ലെന്നാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇക്കാര്യങ്ങള്‍ താരങ്ങളുടെ സംഘടനയായ അമ്മയുമായും സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുമായും ചര്‍ച്ച നടത്തുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

SHARE