ചെന്നൈ: ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവു വന്ന നിര്‍ണായകമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയാറെടുത്ത നടന് വിശാലിന്റെയും ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെയും നാമനിര്‍ദേശ പത്രിക തള്ളി. പത്രികയില്‍ നിരവധി അപാകതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തള്ളിയത്.
Actor Vishal's nomination for #RKnagarByElection in Chennai has also been rejected by the Election Commission.
— ANI (@ANI) December 5, 2017
തിരഞ്ഞെടുപ്പ് കമ്മിഷന് നടത്തിയ സൂക്ഷ്മ പരിശോധനയിലാണു പത്രികകളില്‍ അപാകത കണ്ടെത്തിയത്. വിശാലിനെ നാമനിര്‍ദേശം ചെയ്തു രണ്ടുപേര്‍ സമര്‍പ്പിച്ച രേഖകളില്‍ തെറ്റായ പേരാണു രേഖപ്പെടുത്തിയിരിക്കുന്നത് എന്നാരോപിച്ചാണ് തള്ളിയത്. എന്നാല്‍ ഡിഎംകെ, എഐഎഡിഎംകെ, ബിജെപി, എഐഎഡിഎംകെ വിമത നേതാവ് ടി.ടി.വി. ദിനകരന് എന്നിവരുടെ പത്രികകള്‍ കമ്മിഷന് സ്വീകരിച്ചു.
എഎന്‍ഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അപ്രതീക്ഷിതമായാണ് നടന് വിശാല്‍ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. നടന്മാരായ കമലഹാസനും രജനീകാന്തിന്റെയും രാഷ്ട്രീയ പ്രവേശനം ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു വിശാലിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം.
അതേസമയം പത്രിക പിന്തള്ളിയതില് പ്രതിഷേധിച്ചു വിശാലും പ്രവര്‍ത്തകരും ആര്‍കെ നഗറിലെ തിരുവൊട്ടിയൂര്‍ ഹൈറോഡില്‍ പ്രതിഷേധം നടത്തി. ഗതാഗത തടസ്സം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് അന്‍പതോളം വരുന്ന പ്രവര്‍ത്തകര്‍ക്കൊപ്പം വിശാലിനെയും പൊലീസ് തൊണ്ടിയാര്‍പേട്ട് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. പിന്നീടു പരാതി ബോധിപ്പിക്കാന്‍ റിട്ടേണിങ് ഓഫിസറെ കാണാന്‍ വിശാലിനെ പൊലീസ് അനുവദിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണു വിശാല്‍ മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്നത്.