പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങി ആരാധകര്‍; ആഘോഷിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി വിജയ്

ചെന്നൈ: പിറന്നാള്‍ ആഘോഷിക്കാനായി ഒരുങ്ങി വിജയ് ആരാധകര്‍. എന്നാല്‍ ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ വിജയ് രംഗത്തെത്തി. താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനായി എല്ലാ ഒരുക്കങ്ങളും ഫാന്‍സ് നടത്തിക്കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണവുമായി വിജയ് രംഗത്തൈത്തിയത്. ജൂണ്‍ 22 നാണ് വിജയുടെ 46-ാം പിറന്നാള്‍.

എന്നാല്‍ ലോകം കോവിഡ് എന്ന മഹാമാരിക്കെതിരെ പോരാടുന്ന ഈ അവസരത്തില്‍ തന്റെ ജന്മദിനം ആഘോഷമാക്കരുതെന്ന് വിജയ് പറഞ്ഞു. ഇങ്ങനെ ആരാധകരോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു താരം. ഓരോ ജില്ലയിലുമുള്ള തന്റെ ഫാന്‍സ് ക്ലബ്ബുകാരോട് നേരിട്ടാണ് വിജയ് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയത്.

കോവിഡ് പശ്ചാത്തലത്തില്‍ ഒരു തരത്തിലുള്ള ആഘോഷവും പാടില്ലെന്നാണ് വിജയുടെ നിര്‍ദേശം. തമിഴ്‌നാട് വിജയ് ഫാന്‍സ് ക്ലബ് അസോസിയേഷന്‍ തലവന്‍ എന്‍ ആനന്ദ് രാജ്യത്തെമ്പാടുമുള്ള വിജയ് ഫാന്‍സ് അസോസിയേഷനോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

പിറന്നാള്‍ ദിനത്തില്‍ വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കണമെന്ന് നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ ട്രെയിലര്‍ പുറത്തിറക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

SHARE