ഫസീല മൊയ്തു
തന്റെ സിനിമകളിലൂടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയതോടെയാണ് തമിഴ് സൂപ്പര്‍താരം ജോസഫ് വിജയ് കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാകുന്നത്. ഒരു കാലത്ത് പറഞ്ഞിരുന്ന രാഷ്ട്രീയത്തില്‍ നിന്ന് വ്യതിചലിച്ച് നടന് രജനീകാന്ത് ബിജെപി അനുകൂല പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ വിജയിയുടെ രാഷ്ട്രീയ നിലപാടുകളും എഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ സിനിമകളായ മെര്‍സലിലും സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിനു നേരെയുള്ള പരാമര്‍ശങ്ങള്‍ വിജയ് നടത്തി. ബിജെപിയുടെ വന്‍ പ്രതിഷേധത്തിനിടയിലും താരം തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമാക്കുകയായിരുന്നു.
നോട്ടുനിരോധനത്തിനും ജിഎസ്ടിക്കും എതിരെ പഞ്ച് ഡയലോഗുകള്‍ ഉണ്ടായിരുന്നു മെര്‍സലില്‍. ബിഗിലില്‍ രാഷ്ട്രീയ സൂചനകള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഓഡിയോ ലോഞ്ചില്‍ വിജയ് രാഷ്ട്രീയം പറഞ്ഞു. വിജയിയുടെ മുനവെച്ച വര്‍ത്തമാനങ്ങളില്‍ രാഷ്ട്രീയം വ്യക്തമായിരുന്നു. വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശക്തമായ തെൡവുകളാണിതെന്ന് പലരും നിരീക്ഷിച്ചു. ഇത് ശരിവെച്ചുകൊണ്ട് വിജയുടെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖറിന്റെ പരാമര്‍ശങ്ങളും രംഗത്തുവന്നു.
സിനിമക്കിടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിലൂടെ കമല്ഹാസന് രംഗത്തുവന്നതോടെ രജനീകാന്തിന്റെ രാഷ്ട്രീയവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ ദിവസം പൗരത്വ നിയമത്തെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്ന രജനീകാന്തിന്റെ രാഷ്ട്രീയം ഏറെക്കുറെ വ്യക്തമാണിപ്പോള്‍. കമല്‍ഹാസനും രജനിയും രാഷ്ട്രീയക്കളത്തിലിറങ്ങുമ്പോള് വിജയെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ക്ക് വിരാമമിടുന്നതാണ് ഇന്നലെ നടന്ന റെയ്ഡ്. കേന്ദ്രത്തിന്റെ പ്രതികാരനടപടിയാണിതെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തില്‍ താരം എന്തു പ്രതികരിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ-സിനിമാ രംഗത്തുള്ളവര്‍ ഉറ്റുനോക്കുന്നത്. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്നാട്ടിലെ രാഷ്ട്രീയ കളികള്‍ ഇനി കാണാനിരിക്കുന്നതേയുള്ളൂ. അതിനിടെ സി ജോസഫ് വിജയ്ക്ക് പിന്തുണയുമായി കേരളത്തിലെ ഇടതുനേതാക്കന്മാരും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി ഇപി ജയരാജനും പിവി അന്‍വര്‍ എംഎല്‍എയും വിജയെ പിന്തുണച്ച് പരാമര്‍ശങ്ങള്‍ നടത്തി.
അതേസമയം, വിജയ്ക്കെതിരെ നടക്കുന്ന പകപോക്കലില്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനങ്ങള്‍ ശക്തമാണ്. ട്വിറ്ററില്‍ ട്രെന്‍ഡിംഗായി വി സ്റ്റാന്‍ഡ് വിത്ത് വിജയ് ഹാഷ് ടാഗ് പുരോഗമിക്കുന്നുണ്ട്. മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തിലേറെ ട്വീറ്റുകളാണ് We stand with Vijay എന്ന ഹാഷ്ടാഗില് ഇതുവരെ ഉണ്ടായിരിക്കുന്നത്. ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ അഞ്ചാമതെത്തിയിരിക്കുകയാണ് ഈ ഹാഷ് ടാഗ്. നടന് പിന്തുണയുമായി ആയിരക്കണക്കിനാളുകളാണ് ഓരോ മണിക്കൂറുകളിലും ട്വീറ്റ് ചെയ്യുന്നത്. ബിജെപിയെ വെല്ലുവിളിച്ച് സിനിമാ സീനുകളും ട്രോളുകളും ട്വീറ്റ് ചെയ്യപ്പെടുന്നുണ്ട്.
ആദായനികുതി വകുപ്പ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിജയെ കസ്റ്റഡിയില്‍ എടുത്തത്. ആദായ നികുതി വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ കൂടിയാണ് സ്ഥലത്തെത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിജയിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. വിജയ്യുടെ സാലിഗ്രാമിലെ വസതിയിലും റെയ്ഡ് നടത്തിയിരുന്നു.
ഇതിന് പിന്നാലെ, ബിഗില്‍ സിനിമയുടെ ഡിസ്ട്രിബ്യൂട്ടര്‍മാരുടെ ഓഫീസിലും വസതികളിലും റെയ്ഡ് നടക്കുന്നുണ്ട്. മധുരയിലും ചെന്നൈയിലുമായാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. എജിഎസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലും പരിശോധന നടക്കുകയാണ്. സിനിമ ബിഗിലിന്റെ നിര്‍മ്മാതാക്കളുടെ കണക്കും വിജയിയുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ആദാനയനികുതി വകുപ്പ് പറഞ്ഞു. എജിഎസ് ഗ്രൂപ്പിന്റെ ഓഫീസില്‍ നിന്നും 25 കോടി രൂപ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. സിനിമ ബിഗിലിന് വിജയ് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിട്ടുമുണ്ട്.
കടലൂരിലെ മാസ്റ്റേഴ്സ് സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തിയാണ് സമന്‍സ് ഉദ്യോഗസ്ഥര്‍ വിജയ്യ്ക്ക് കൈമാറിയത്. ചോദ്യം ചെയ്യലിന് സഹകരിക്കാമെന്ന് അറിയിച്ച വിജയ്യെ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കാറില്‍കയറ്റി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വിജയിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാസ്റ്റേഴ്സിന്റെ ഷൂട്ടിങ്ങ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു.
ബിജെപി അനുകൂല പ്രസ്താവനകള്‍ക്ക് പിന്നാലെ രജനീകാന്തിനെതിരായ നികുതി കേസുകള്‍ ആദായ നികുതി അവസാനിപ്പിച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇതിന് പിന്നാലെയാണ് വിജയിക്ക് എതിരായ നടപടിയെന്നതും ശ്രദ്ധയമാണ്.