‘ദിലീപിനെ തിരിച്ചെടുത്തതും, നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നു’; നടന്‍ ടോവിനോ തോമസ്

മുംബൈ: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നു എന്ന് യുവനടന്‍ ടോവിനോ തോമസ്. നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്‌നം അല്ലെന്നും ടോവിനോ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസ് ഒരു കുറ്റ കൃത്യം തന്നെ ആയി കാണണം. കോടതി ആണ് അന്തിമ തീര്‍പ്പ് കല്‍പ്പിക്കേണ്ടതെന്നും ടോവിനോ മുംബൈയില്‍ ഒരു ചാനലിനോട് പറഞ്ഞു. നേരത്തെ, ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ യുവനടന്‍മാര്‍ ആരും പ്രതികരിച്ചില്ലെന്ന് നടി രേവതി പറഞ്ഞിരുന്നു. പിന്നീട് സംഭവത്തില്‍ ദുല്‍ഖറും നിവിന്‍പോളിയും പ്രതികരിച്ചിരുന്നു. അമ്മയുടെ നിലപാടിനൊപ്പമാണ് താനെന്ന് നിവിന്‍പോളി പറഞ്ഞിരുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ പരസ്യമായി പ്രതിഷേധമറിയിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്യു.സി.സി) ഭാരവാഹികളുമായി അമ്മ നിശ്ചയിച്ച യോഗം നാളെ നടക്കും. നടിമാരായ പാര്‍വതി, പത്മപ്രിയ, രേവതി എന്നിവരെയാണ് ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്.

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വനിതാ അംഗങ്ങളെന്ന നിലയില്‍ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ അമ്മ ഭാരവാഹികള്‍ക്ക് നേരത്തെ കത്തയച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇവരെ ചര്‍ച്ചക്ക് ക്ഷണിച്ചിരിക്കുന്നത്. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് പുറമെ ഷമ്മി തിലകന്‍, ജോയ് മാത്യു തുടങ്ങിയവരെയും ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്.