സുശാന്തിന്റെ ആത്മഹത്യയില്‍ ഞെട്ടി ബോളിവുഡ്; മരണം മുന്‍ മാനേജര്‍ മരിച്ച് ഒരാഴ്ചയ്ക്കകം

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ (34) മരണത്തില്‍ ഞെട്ടി ബോളിവുഡ്. താരത്തിന്റെ മുന്‍ മാനേജര്‍ ദിശ സല്യാണ്‍ ആത്മഹത്യ ചെയ്ത് ഒരാഴ്ചയ്ക്കകയമാണ് സുശാന്തും മരണത്തിന് കീഴടങ്ങിയത്. ബാന്ദ്രയിലെ വീട്ടുമുറിയില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു സുശാന്ത് എങ്കില്‍ മലാഡിലെ ഫ്‌ളാറ്റിന്റെ 14-ാം നിലയില്‍ നിന്ന് ചാടിയാണ് ദിശ ജീവനൊടുക്കിയത്.

ദിശയുടെ മരണത്തില്‍ നടന്‍ ഇന്‍സ്റ്റഗ്രാമില്‍ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. ‘ഇത് തകര്‍ക്കുന്ന വാര്‍ത്തയാണ്. ദിശയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ അനുശോചനം. ആത്മാവ് ശാന്തിയില്‍ ലയിക്കട്ടെ’ – എന്നായിരുന്നു കുറിപ്പ്.

സുശാന്തിന്റെ മരണത്തില്‍ പ്രമുഖ അഭിനേതാക്കളും കായിക താരങ്ങളും നടുക്കം രേഖപ്പെടുത്തി. വാക്കുകള്‍ കിട്ടാതായിപ്പോയി എന്നാണ് നടന്‍ അക്ഷയ് കുമാര്‍ പ്രതികരിച്ചത്. അതീവ ദുഃഖകരമെന്ന് അജയ് ദേവഗ്ണ്‍ പറഞ്ഞു.

‘വിശ്വസിക്കാന്‍ കഴിയുന്നില്ല, ഇത് വ്യാജ വാര്‍ത്ത ആയിരുന്നെങ്കില്‍’ എന്നാണ് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ കുറിച്ചത്. എല്ലായ്‌പ്പോഴും പുഞ്ചിരിക്കുന്ന താരത്തെയാണ് നഷ്ടമായത് എന്ന് സുരേഷ് റെയ്‌ന പറഞ്ഞു. വിശ്വസിക്കാനേ ആകുന്നില്ല എന്ന് ശിഖര്‍ ധവാനും ഞെട്ടിപ്പോയെന്ന് ഇര്‍ഫാന്‍ പഠാനും പ്രതികരിച്ചു.

ഞായറാഴ്ച രാവിലെയാണ് ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ സുശാന്തിനെ കണ്ടെത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം.എസ് ധോണിയുടെ ജീവചരിത്ര സിനിമയായ ‘എം.എസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’യിലെ നായകനായിരുന്നു. മരണം ആത്മഹത്യയാണെന്ന് ഇന്ത്യ ടുഡേ അടക്കമുള്ള മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിശ സല്യാണ്‍

പത്തിലേറെ ബോളിവുഡ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് സിനിമയിലെത്തിയത്. ടെലിവിഷന്‍ സീരിയലിലൂടെയാണ് സുശാന്ത് അഭിനയരംഗത്തെത്തിയത്. പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാര്‍നാഥ്, ചിച്ചോറെ എന്നിവയാണ് പ്രധാന സിനിമകള്‍. ആറുമാസമായി സുശാന്ത് കടുത്ത വിഷാദരോഗിയായിരുന്നു എന്ന് സുഹൃത്തുക്കളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

1986 ജനുവരി 21ന് ബിഹാറിലെ മല്‍ധിഹയിലാണ് ജനനം. ആള്‍ ഇന്ത്യ എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഏഴാം റാങ്ക് ജേതാവായിരുന്നു. 11 തവണ ദേശീയ എഞ്ചിനീയറിങ് പരീക്ഷ പാസായിട്ടുണ്ട്. ഡല്‍ഹി ടെക്‌നോളജികല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദമെടുത്തത്. ഫിസിക്‌സിലെ ദേശീയ ഒളിംപ്യാഡ് ജേതാവ് കൂടിയാണ്. സിനിമയ്ക്ക വേണ്ടിയാണ് സുശാന്ത് എഞ്ചിനീയറിങ് കരിയര്‍ വേണ്ടെന്നു വച്ചത്.

22-ാം വയസ്സില്‍ കിസ് ദേശ് മേം ഹെ മേരാ ദില്‍ എന്ന സീരിയലിലാണ് ആദ്യമായി വേഷമിട്ടത്. 2009ല്‍ പവിത്ര റിഷ്ത എന്ന സീരിയലില്‍ വേഷമിട്ടു. മികച്ച ടി.വി അഭിനേതാവിനുള്ള പുരസ്‌കാരം നേടിയ കഥാപാത്രമായിരുന്നു ഇത്. അവിടെ നിന്നാണ് അഭിഷേക് കപൂറിന്റെ കൈ പോ ചെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

SHARE