ഗോഡ്‌സയെയല്ല അയാളുടെ പ്രത്യയശാസ്ത്രത്തേയാണ് എതിര്‍ക്കേണ്ടതെന്ന് സൂര്യ

പെരിയാറിന്റെ വാക്കുകള്‍ ഇന്നും പ്രസക്തം

ചെന്നൈ: മഹാത്മാ ഗാന്ധിയെ വധിച്ച ഗോഡ്‌സെയല്ല അതിന് അയാള്‍ക്ക് പ്രചോദമായ സിദ്ധാന്തത്തെയാണ് എതിര്‍ക്കേണ്ടതെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ നടന്‍ സൂര്യ. സാമൂഹ്യപരിഷ്‌കര്‍ത്താവായ പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ വാക്കുകള്‍ കടമെടുത്താണ് ഗാന്ധി വധത്തിന് പിന്നിലെ പ്രത്യയ ശാസ്ത്രത്തെ ചൂണ്ടിക്കാട്ടി സൂര്യ നിലപാട് വ്യക്തമാക്കിയത്. പുതിയ ചിത്രമായ കാപ്പാന്റെ പ്രമോഷന്‍ പരിപാടിയില്‍ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ പ്രതികരിക്കുകയായിരുന്നു സൂര്യ.

‘ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ അതേ ചൊല്ലി ഇന്ത്യയില്‍ വ്യാപകമായി ജാതിമത സംഘര്‍ഷങ്ങളുണ്ടായി. ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ ശപിച്ചു കൊണ്ട് ഇന്ത്യ കടന്നു പോകുമ്പോള്‍ പെരിയാര്‍ പറഞ്ഞത് ഇങ്ങനെയാണ്; ‘ഗോഡ്‌സെയുടെ തോക്ക് കൊണ്ടു വരൂ നമ്മുക്ക് അത് നൂറ് കക്ഷണങ്ങളായി നശിപ്പിച്ച് പ്രശ്‌നം പരിഹരിക്കാം’

‘പെരിയാര്‍ പറഞ്ഞത് എന്താണെന്ന് മനസ്സിലാവാതെ ചുറ്റുംനിന്ന ആളുകളോടായി പെരിയാര്‍ വിശദീകരിച്ചു, ഗാന്ധിജിയുടെ മരണത്തിന് ഗോഡ്‌സെയെ കുറ്റപ്പെടുത്തുന്നത് നമ്മള്‍ ഈ തോക്ക് നശിപ്പിക്കുന്നത് പോലെയാണ്. ഗോഡ്‌സെ ഒരു ആയുധം മാത്രമാണ്. അയാളെ പ്രേരിപ്പിച്ച പ്രത്യയശാസ്ത്രമായിരുന്നു യഥാര്‍ത്ഥ ട്രിഗര്‍. പെരിയാറിന്റെ ഈ വാക്കുകള്‍ ഇന്നും പ്രസക്തമാണ്. എല്ലാ സംഭവങ്ങള്‍ക്ക് പിന്നിലും ഒരു സിദ്ധാന്തമുണ്ടെന്നും’ സൂര്യ പറഞ്ഞു.

‘അയന്‍’, ‘മാട്രാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ.വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് കാപ്പാന്‍. സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കാപ്പാന്‍ സെപ്റ്റംബര്‍ 20നാണ് റിലീസ് ചെയ്യുക. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. എന്‍.എസ്.ജി കമാന്‍ഡോ കഥാപാത്രമായി സൂര്യയും എത്തുന്നു. ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം.

ദ്രാവിഡ രാഷ്ട്രീയ ആചാര്യനായ പെരിയാര്‍ ഇ.വി. രാമസാമി നായ്ക്കറുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ ട്വിറ്ററില്‍ ട്രെന്റാണ്. ആധുനിക തമിഴ്‌നാടു രാഷ്ട്രീയത്തിനു വിത്തിട്ട പെരിയാര്‍ 1879 സെപ്റ്റംബര്‍ 17ന് ഈറോഡിലാണ് ജനിച്ചത്.