സൂര്യയുടെ പുതിയ ചിത്രത്തില്‍ നായിക പ്രിയാവാര്യറോ?; സത്യാവസ്ഥ ഇങ്ങനെ

ബോളിവുഡില്‍ രണ്‍വീര്‍സിംങിന്റെ നായികയായി പ്രിയാ വാര്യര്‍ അഭിനയിക്കുന്നു എന്ന പ്രചാരണത്തിനുശേഷം തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ നായികയായി പ്രിയാവാര്യറെത്തുന്നുവെന്നും പ്രചാരണം. തമിഴിലെ മികച്ച ഹിറ്റ് കൂട്ടുകെട്ടായ സുര്യ-കെ.വി.ആനന്ദ് ടീമിന്റെ പുതിയ ചിത്രത്തിലാണ് പ്രിയ നായികയായി എത്തുന്നുവെന്ന് പ്രചാരണം. ഒരു അഡാറ് ലവിലെ ശ്രദ്ധിക്കപ്പെട്ട ഗാനരംഗത്തിനുശേഷം പ്രിയാവാര്യറെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞോടുകയാണ്.

സൂര്യയുടെ 37-ാം ചിത്രം ഒരുക്കുന്നത് താനാണെന്ന് കെ.വി.ആനന്ദ് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഈ ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത് പ്രിയ വാര്യറാണെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നത്.

എന്നാല്‍ ഈ വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ കെ.വി.ആനന്ദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. വാര്‍ത്തകളെല്ലാം തികച്ചും വ്യാജമാണെന്നും ഇതുവരെ ചിത്രത്തിലെ ഒരു വേഷത്തിനായും പ്രിയയെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നായികയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പ്രിയ വാര്യരല്ല നായിക എന്നും സംവിധായകന്‍ പറഞ്ഞു.