ദിലീപാണ് നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതെന്ന് സിദ്ധീഖ്; പൊലീസിന് നല്‍കിയ മൊഴി പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ സിദ്ദിഖ് പൊലീസിന് നല്‍കിയ മൊഴി പുറത്ത്. ദിലീപ് കാരണമാണ് നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതെന്ന് തനിക്ക് അറിയാമായിരുന്നെന്ന് സിദ്ധീഖിന്റെ മൊഴിയില്‍ പറയുന്നു.

ദിലീപാണ് അവസരങ്ങള്‍ ഇല്ലാതാക്കുന്നതെന്ന നടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ദിലീപിനോട് ഇക്കാര്യം ചോദിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുത് എന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്ന് സിദ്ദിഖ് മൊഴിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞതിന് നേരെ വിപരീതമാണ് സിദ്ദിഖിന്റെ മൊഴിയില്‍ നിന്ന് പുറത്തുവരുന്നത്. ദിലീപ് പറഞ്ഞതനുസരിച്ച് ഏതു സംവിധായകനാണ് അവസരം നഷ്ടപ്പെടുത്തിയതെന്നു നടി തുറന്നു പറയട്ടെയെന്നായിരുന്നു ഇന്നലെ സിദ്ദിഖ് മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചത്. എന്നാല്‍ മൊഴിയുടെ കാര്യം മറച്ചു വെക്കുകയും ചെയ്തു.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം വനിതാ സംഘടന ഡബ്ല്യു.സി.സിയുടെ പത്രസമ്മേളനം ഉണ്ടായത്. അമ്മയുടെ നിലപാടുകള്‍ക്കെതിരെ പരസ്യമായി സംഘടന രംഗത്തെത്തിയത് അമ്മയെ ചൊടിപ്പിച്ചു. പിന്നീട് തീരുമാനം വൈകിയത് പ്രളയം മൂലമാണെന്ന വിശദീകരണവുമായി അമ്മയുടെ വക്താവ് ജഗദീഷിന്റെ പത്രക്കുറിപ്പും ഇറങ്ങുകയുണ്ടായി. എന്നാല്‍ ഇത് തള്ളിയാണ് സിദ്ധീഖിന്റെ വാര്‍ത്താസമ്മേളനമുണ്ടായത്. ജഗദീഷ് ഇറക്കിയ പത്രക്കുറിപ്പ് അമ്മയുടേതല്ലെന്ന് പൂര്‍ണ്ണമായി തള്ളുകയായിരുന്നു സിദ്ധീഖ്.