‘അമിത് ഷാ ആഭ്യന്തര രാക്ഷസന്‍’: അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്

ന്യൂഡല്‍ഹി: പൗരത്വ രജിസ്റ്റര്‍ മുസ്‌ലിങ്ങള്‍ക്കെതിരെയാണെന്ന് വ്യക്തമായ സൂചന നല്‍കിട ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്. ‘ഈ ഹോം മോണ്‍സ്റ്ററിന് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത്? മുസ്‌ലിങ്ങളായ അഭയാര്‍ഥികളെ മാത്രം ഇന്ത്യയില്‍ നിന്നും തുരത്താമെന്ന പരസ്യ പ്രഖ്യാപനം രാജ്യത്തിന്റെ ഭരണഘടനക്ക് എതിരല്ലേ? ഇവിടെ എന്താണ് നടക്കുന്നത്? ഏവരെയും സാക്ഷിയാക്കി വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍…’ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കുമ്പോഴാണ് പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് അമിത് ഷാ സൂചന നല്‍കിയത്. എന്നാല്‍ മുസ്‌ലിങ്ങളല്ലാത്ത് മറ്റു സമുദായക്കത്തില്‍ പെട്ടവരെ അഭയാര്‍ത്ഥികളായി പരിഗണിച്ച് സംരക്ഷിക്കുമെന്നും അദ്ദേഹം സൂചന നല്‍കിയിരുന്നു.

‘ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഞാന്‍ ഉറപ്പുനല്‍കുന്നു, നിങ്ങള്‍ക്ക് ഇന്ത്യ വിട്ടുപോകേണ്ടി വരില്ല. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. എന്‍.ആര്‍.സിക്കു മുമ്പ് ഞങ്ങള്‍ പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരും. അതുവഴി ഈ ജനങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്ന് ഉറപ്പുവരുത്തും. നിങ്ങള്‍ (ബി.ജെ.പി പ്രവര്‍ത്തകര്‍) ഇക്കാര്യം അവരുടെ വീടുകളില്‍ പോയി പറയണം. ‘ അമിത് ഷാ പറഞ്ഞു.

SHARE