കൊക്കൈന്‍ കേസ്; സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി നടന്‍ ഷൈന്‍ ടോം ചാക്കോ

വ്യത്യസ്ഥമായ പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഇതിഹാസ. ചിത്രം മികച്ച രീതിയില്‍ വിജയം നേടിയ സമയത്താണ് ചിത്രത്തില്‍ മുഖ്യവേഷം ചെയ്ത ഷൈന്‍ ടോം ചാക്കോ മയക്കുമരുന്നുകേസില്‍ അറസ്റ്റിലാകുന്നത്. രണ്ടു മാസത്തെ ജയില്‍വാസത്തിനുശേഷം പുറത്തുവന്ന ഷൈന്‍ പിന്നീടും നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി. ആ സംഭവത്തെക്കുറിച്ച് ഒരു മാധ്യമത്തിനോട് വെളിപ്പെടുത്തുകയാണ് ഷൈന്‍.

ഒരിക്കലും ഇത്തരത്തിലുള്ള ഒരു കൊക്കൈന്‍ കേസ് ഉണ്ടാകുമെന്ന് ചിന്തിച്ചിരുന്നില്ലെന്ന് ഷൈന്‍ പറയുന്നു. എന്നാല്‍ അന്ന് താന്‍ തളര്‍ന്നില്ല. കാരണം പെട്ടെന്നൊരു ദിവസം വെള്ളിവെളിച്ചത്തിലേക്ക് വന്നയാളായിരുന്നില്ല താനെന്നും വര്‍ഷങ്ങളോളം കഷ്ടപ്പാടുകള്‍ അറിഞ്ഞുകൊണ്ടാണ് വളര്‍ന്നതെന്നും താരം പറയുന്നു. ഇപ്പോഴും കേസ് നടക്കുന്നുണ്ട്. അന്ന് മാധ്യമങ്ങളിലൂടെ വന്ന കഥയൊന്നുമല്ല സംഭവിച്ചത്. എന്നാല്‍ ഇപ്പോഴത്തെ ചില സംഭവവികാസങ്ങള്‍ പോലെ ആരെയാ വിശ്വസിക്കുക എന്നൊരു സംശയം തോന്നാം. ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കിയ കഥ പൊളിയുമെന്നല്ലാതെ വേറെ ഒന്നും നടക്കില്ല. കേസിന്റെ അവസാനം ആര് പറഞ്ഞതാണ് സത്യം എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടുമെന്ന ഒരു പ്രതീക്ഷ തനിക്കുണ്ടായിരുന്നുവെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

താനുമായി ആര്‍ക്കും പ്രശ്‌നമില്ല. അതുകൊണ്ടുതന്നെ തന്നെ കുടുക്കിയതാണെന്ന് പറയാനാവില്ല. വേറെ എന്തൊക്കെയോ പൊതു ജനത്തില്‍ നിന്ന് മറക്കാന്‍വേണ്ടി തന്നെ കരുവാക്കുകയായിരുന്നുവെന്ന് പറഞ്ഞ ഷൈന്‍ അതിനുള്ള സൂചനകള്‍ കിട്ടിയിട്ടുണ്ടെന്നും വ്യക്തമാക്കി. ‘എന്നാല്‍ ആരേയോ കുറ്റപ്പെടുത്താനോ ചൂണ്ടിക്കാണിക്കുവാനോ എന്റെ കയ്യില്‍ തെളിവില്ല. അതുകൊണ്ട് അതിനുനില്‍ക്കുന്നില്ല. ആര്‍ക്കുവേണ്ടിയാണോ അത് ചെയ്തത് അതിന്റെ ഫലം അവര്‍ക്ക് കിട്ടിയിട്ടുണ്ട്. കിട്ടിയവര്‍ അത് മനസ്സിലാക്കിക്കൊള്ളട്ടെ. ഞാനതിന്റെ പുറകെ പോകുന്നില്ല. കാരണം, അതല്ല എന്റെ ജോലി. അത് ദൈവത്തിന്റെ ശിക്ഷയൊന്നുമല്ല. അവരുടെ കയ്യിലിരിപ്പിന്റെ ഫലം അവര്‍ അനുഭവിക്കുന്നുവെന്നേയുള്ളൂ’- ഷൈന്‍ പറയുന്നു.