ആരാധകരെ ഞെട്ടിച്ച് പുതിയ ചിത്രത്തില്‍ കിടിലന്‍ ലുക്കില്‍ കിങ് ഖാന്‍

 

ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘സീറോ’യുടെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകരും ഷാരൂഖാനും പുറത്തുവിട്ടു. സീറോയിലെ കഥാപാത്രത്തിന്റെ വേഷപ്പകര്‍ച്ചയില്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. തീര്‍ത്തും പൊക്കം കുറഞ്ഞ ഒരാളുടെ വേഷത്തിലാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നത്. ഷാരൂഖിന്റെ പുത്തന്‍ ഗറ്റപ്പിന് വന്‍വരവേല്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആനന്ദ് എല്‍ റായാണ് ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ നായികമാരായി എത്തുന്നത് പ്രശസ്ത നടിമാരായ കത്രീന കൈഫും അനുഷ്‌ക ശര്‍മയുമാണ്. അതേസമയം സല്‍മാന്‍ ഖാന്‍, ദീപിക പദുകോണ്‍, റാണി മുഖര്‍ജീ, കജോള്‍, ആലിയ ഭട്ട്, ശ്രീദേവി, കരിഷ്മ കപൂര്‍, ജൂഹി ചാവ്‌ല എന്നീ വമ്പന്‍ താരങ്ങള്‍ ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. ചിത്രം 2018 ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും.

‘എന്റെ ജീവിതമാകുന്ന മേളയുടെ ടിക്കറ്റ് എടുത്തു കാത്തിരിക്കുന്നവരേ, കളി പൂര്‍ണ്ണമാവുക തന്നെ വേണമല്ലോ’ എന്നാണ് ഷാരൂഖ് കുറിച്ചത്. ശശി കപൂര്‍ നായകനായ ‘ജബ് ജബ് ഫൂല്‍ ഖിലെ’ എന്ന ചിത്രത്തിലെ ‘ഹം കോ തും പെ പ്യാര്‍ ആയാ’ എന്ന ഗാനത്തിന് കിങ് ഖാന്‍ ചുവടു വയ്ക്കുന്ന വിഡിയോ ശകലമാണ് അണിയറക്കാര്‍ പുതുചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരിക്കുന്നത്.

ഹിറ്റ് ചിത്രമായ ജബ് തക് ഹേ ജാന്‍’ നിനു ശേഷം ഷാരൂഖ്-കത്രീയ-അനുഷ്‌ക ത്രയം ഒന്നിക്കുന്ന എന്ന സവിശേഷതകൂടി സീറോക്കുണ്ട്.