‘സൗജന്യമായി പണം വേണ്ട,പറ്റുമെങ്കില്‍ മീന്‍ വാങ്ങൂ’; ലോക്ക്ഡൗണില്‍ ഉണക്കമീന്‍ വിറ്റ് ഉപജീവനം കണ്ടെത്തി നടന്‍

ന്യൂഡല്‍ഹി: കോവിഡും ലോക്ക്ഡൗണും ജീവിതത്തെ താളം തെറ്റിച്ചപ്പോള്‍ ഉണക്കമീന്‍ വിറ്റ് ഉപജീവനം നടത്തി മാതൃകയാകുകയാണ് മറാത്തി നടന്‍ റോഷന്‍ പഡ്‌നേക്കര്‍. ‘ബാബാസാഹേബ് അംബേദ്കര്‍’ എന്ന പ്രശസ്തമായ മറാത്തി ടെലിവിഷന്‍ ഷോയിലൂടെ ശ്രദ്ധനേടിയ നടനാണ് റോഷന്‍. കടുത്ത വിഷാദവും ആത്മഹത്യ ചിന്തയുമൊക്കെ മറികടന്നാണ് റോഷന്‍ ജീവിതം തിരിച്ചുപിടിച്ചിരിക്കുന്നത്.

ഷൂട്ടിങ് തുടങ്ങാന്‍ അനുമതി കിട്ടിയെങ്കിലും പ്രധാനപ്പെട്ട അഭിനേതാക്കളെ മാത്രം തിരിച്ചുവിളിച്ചതോടെ ഭാവിയെക്കുറിച്ച് ഒരുനിശ്ചയവുമില്ലാതാകുകയായിരുന്നു റോഷന്. മീന്‍ പിടിക്കാന്‍ അറിയാവുന്നതിനാലാണ് ഇത്തരത്തിലൊരു മാര്‍ഗം പരീക്ഷിക്കാന്‍ തീരുമാനിച്ചത്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോള്‍ പിന്തുണ ലഭിച്ചതോടെ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് റോഷന്‍ പറയുന്നു.

‘മീന്‍ ഉണക്കി വിറ്റാണ് ഇപ്പോള്‍ ജീവിക്കുന്നത്. അതില്‍ അഭിമാനം മാത്രമേയുള്ളൂ. വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സാമ്പത്തിക സഹായം നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ വിളിച്ചിരുന്നു. അവരോട് ഞാന്‍ പറഞ്ഞത്, പണം വേണ്ട, പറ്റുമെങ്കില്‍ മീന്‍ വാങ്ങൂ എന്നാണ്. ചോദിച്ചവരോട് നന്ദി പറയുന്നു. എന്നാല്‍ എനിക്ക് ആരുടെയും സഹാനുഭൂതി വേണ്ട’, റോഷന്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ കാലത്ത് തന്നെയും വിഷാദം അലട്ടിയിരുന്നെന്നും മാനസികമായി ആകെ തളര്‍ന്നിരുന്നെന്നും റോഷന്‍ പറഞ്ഞു.സങ്കടം സഹിക്കാനാകാതെ വന്നപ്പോള്‍ ആത്മഹത്യയെക്കുറിച്ചും ചിന്തിച്ചിരുന്നു.എന്നാല്‍ എനിക്ക് ആറ് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞാണുള്ളത്. ഭാര്യയ്ക്ക് ജോലിയില്ല. ഞാന്‍ മരിച്ചാല്‍ അവര്‍ക്ക് മറ്റാരുമില്ല എന്ന ബോധ്യം എനിക്കുണ്ടായി. പിന്നീട് പോരാടാന്‍ തന്നെ നിശ്ചയിച്ചു. അതിപ്പോള്‍ മീന്‍വില്‍പ്പനയില്‍ എത്തി നില്‍ക്കുന്നു റോഷന്‍ പറഞ്ഞു.

SHARE