‘മകളുടെ വിവാഹത്തിന് പങ്കെടുത്തില്ല’; കാരണം വ്യക്തമാക്കി നടന്‍ സായ്കുമാര്‍

കൊച്ചി: മകളുടെ വിവാഹത്തിന് പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടന്‍ സായ്കുമാര്‍. മകള്‍ വൈഷ്ണവിയുടെ കല്യാണ ദിവസം സായ്കുമാറിനെ വിവാഹപന്തലില്‍ കാണാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കല്യാണത്തിന് സായ്കുമാര്‍ പങ്കെടുക്കാത്തതിനെ കുറിച്ച് പലരും പലതും പറഞ്ഞിരുന്നു. അന്നൊന്നും ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ സായ്കുമാര്‍ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ എല്ലാത്തിനും മറുപടിയുമായി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. മകളുടെ വിവാഹവും നിശ്ചയവുമൊന്നും തന്നെ അറിയിച്ചിരുന്നില്ലെന്ന് സായ്കുമാര്‍ പറഞ്ഞു. വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

‘അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ‘സീറോ’യില്‍ നിന്നാണ് വീണ്ടും തുടങ്ങിയത്. അത്രയും കാലം അധ്വാനിച്ചതൊക്കെ അവര്‍ക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയാണ്. സന്തോഷത്തോടെയാണ് എനിക്കുള്ളതെല്ലാം ഞാന്‍ അവര്‍ക്ക് നല്‍കിയത്. എന്നാല്‍ പിന്നീട് മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു എന്നു കേട്ടപ്പോള്‍ എനിക്ക് ഒരുപാട് വിഷമമായി. ഞാന്‍ അത് തിരുത്താന്‍ വേണ്ടിയും പോയില്ല. മകളുടെ വിവാഹ ആലോചനയും നിശ്ചയവും ഒന്നും തന്നെ എന്നെ അറിയിച്ചിരുന്നില്ല. ഒരിക്കല്‍ ഞാനില്ലാത്ത ദിവസം വിവാഹം ക്ഷണിക്കാനായി മോള്‍ ഫഌറ്റില്‍ വന്നിരുന്നു എന്നത് പറഞ്ഞറിഞ്ഞു. പിന്നീട് വാട്‌സ് ആപ്പില്‍ എനിക്കൊരു മെസേജ് വന്നു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണല്ലോ അറിയിക്കേണ്ടത്. അതിഥികള്‍ക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ, മകളുടെ വിവാഹം. അതുകൊണ്ടാണ് പോവാതിരുന്നത്’ എന്നാണ് സായ്കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞത്.

നടി ബിന്ദു പണിക്കരാണ് ഇപ്പോള്‍ സായ്കുമാറിന്റെ ഭാര്യ. വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം 2009 ലാണ് സായ്കുമാര്‍ ബിന്ദു പണിക്കറെ വിവാഹം കഴിക്കുന്നത്. പിന്നീട് ഏറെകാലം അഭിമുഖങ്ങളില്‍ നിന്നും വിട്ടുനിന്ന സായ്കുമാര്‍ ഈയടുത്താണ് മാഗസിന് അഭിമുഖം നല്‍കുന്നത്. ബിന്ദുപണിക്കരുമായുള്ള ബന്ധത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്.