നടന്‍ റിയാസ് ഖാന് നേരെ ആള്‍ക്കൂട്ട ആക്രമണം


നടന്‍ റിയാസ് ഖാന് നേരെ ആള്‍ക്കൂട്ട മര്‍ദനം. ചെന്നൈയിലെ വസതിക്ക് മുന്നിലാണ് സംഭവം. പന്ത്രണ്ടോളം വരുന്ന സംഘമാണ് മര്‍ദിച്ചത്. വീടിന് മുന്നിലൂടെ കൂട്ടംകൂടി പോയവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.

റിയാസ് ഖാന്‍ തന്നെയാണ് തമിഴ് മാധ്യമത്തില്‍ വന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ കൂട്ടംകൂടി നടന്നവരോട് സാമൂഹിക അകലം പാലിക്കാന്‍ റിയാസ് ഖാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് കൊറോണ ബാധയുണ്ടാകില്ലെന്നും പന്ത്രണ്ട് പേര്‍ ഒരുമിച്ചേ നടക്കുകയുള്ളൂ എന്നും അവര്‍ പറഞ്ഞു. ഇത് തര്‍ക്കത്തിനിടയാക്കി.

ഒരാള്‍ റിയാസ് ഖാന് നേരെ പാഞ്ഞടുത്തു. പിന്നോട്ട് പോകാന്‍ റിയാസ് ഖാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ മുന്നോട്ട് തന്നെ വന്നു. തുടര്‍ന്ന് റിയാസ് ഖാനെ അടിയ്ക്കുകയായിരുന്നു. ഷോള്‍ഡറിനായിരുന്നു അടി കൊണ്ടത്. സംഭവം കണ്ട സമീപവാസി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ ആളന്തൂര്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.