നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ രവി വള്ളത്തോള്‍(69) അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാല്‍ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാരം നാളെ നടക്കും.

1987 ല്‍ പുറത്തിറങ്ങിയ സ്വാതി തിരുനാള്‍ എന്ന ചിത്രത്തിലൂടെയാണ് രവി വള്ളത്തോള്‍ സിനിമാഭിനയ രംഗത്തേക്ക് വരുന്നത്. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മതിലുകള്‍,കോട്ടയം കഞ്ഞച്ചന്‍, ഗോഡ്ഫാദര്‍, വിഷ്ണുലോകം, സര്‍ഗം, കമ്മീഷണര്‍ എന്നിങ്ങനെ അന്‍പതോളം സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

ദൂരദര്‍ശന്റെ പ്രതാപകാലത്ത് സീരിയല്‍ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു രവി വള്ളത്തോള്‍. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നാടകാചാര്യന്‍ ടിഎന്‍ ഗോപിനാഥന്‍ നായരുടെയും സൗദാമിനിയുടെയും മകനാണ്. ഭാര്യ: ഗീതലക്ഷ്മി.

SHARE