‘അമ്മ’യില്‍ നിന്നും രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്ന് നടന്‍ പൃഥ്വിരാജ്

കൊച്ചി: ‘അമ്മ’യില്‍ നിന്നും രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്ന് നടന്‍ പൃഥ്വിരാജ്. ‘ദി വീക്ക്’ വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം.

പറയാനുള്ളത് തുറന്നുപറഞ്ഞ അവരുടെ നിലപാടിനെ അഭിനന്ദിക്കുന്നു. താന്‍ നടിമാര്‍ക്കൊപ്പമാണെന്നും താരം പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം പറയേണ്ടിടത്ത് പറയും. നടിമാരെ വിമര്‍ശിക്കുന്നവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങളുണ്ടാകാം. അതിനെ ആരും വിലവെക്കില്ല. ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനപ്രകാരമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് നടികള്‍ അമ്മയില്‍ നിന്നും രാജിവെച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാലുപേര്‍ രാജിവെച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കൊപ്പം നിലനിന്ന നടനാണ് പൃഥ്വിരാജ്. എന്നാല്‍ അമ്മയില്‍ നിന്ന് രാജിവെക്കുന്ന കാര്യത്തില്‍ താരം നിലപാട് അറിയിച്ചിട്ടില്ലെങ്കിലും ഫഹദും പൃഥ്വിരാജും സംഘടന വിടുമെന്നും സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പൃഥ്വിരാജിന്റെ പ്രതികരണം പുറത്തുവരുന്നത്.