തിരുവനന്തപുരം: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി.വി സാഠെയെ അനുസ്മരിച്ച് നടന് പൃഥ്വിരാജ്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു സാഠെ എന്ന് പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
‘റെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍(റിട്ട.)സാഠെ. അദ്ദേഹത്തെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനം. നമ്മുടെ സംസാരങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നു സാര്‍’- പൃഥ്വിരാജ് കുറിച്ചു. അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനവും പൃഥ്വിരാജ് രേഖപ്പെടുത്തി.
‘കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ദുഃഖദിനമായിരുന്നു. സന്തോഷകരമായ നാളെയെ കുറിച്ചുള്ള ഒരുപാട് പേരുടെ സ്വപ്നങ്ങളാണ് ഇന്ന് ഇല്ലാതായത്. രാജമലയിലും കോഴിക്കോട്ടും പ്രിയപ്പെട്ടവര്‍ വിട്ടുപോയവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനങ്ങള്‍’ – പൃഥ്വിരാജ് കുറിച്ചു.
വെള്ളിയാഴ്ച രാത്രി കനത്ത മഴയ്ക്കിടെ ലാന്‍ഡിങിന് ശ്രമിക്കവെയാണ് വിമാനം തെന്നി മാറി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 18പേര് മരിച്ചു.