മരുഭൂമിയില്‍ രണ്ടാഴ്ച്ചത്തേയ്ക്കുളള ഭക്ഷണം മാത്രം; ആശങ്കയെന്ന് ജോര്‍ദ്ദാനില്‍ നിന്ന് പൃഥ്വിരാജ്

ജോര്‍ദ്ദാന്‍: ജോര്‍ദ്ദാനിലെ മരുഭൂമിയില്‍ രണ്ടാഴ്ച്ചത്തേക്കുള്ള ഭക്ഷണം മാത്രമാണ് നിലവിലുള്ളതെന്നും ആശങ്കയുണ്ടെന്നും അറിയിച്ച് നടന്‍ പൃഥ്വിരാജ്. ആടുജീവിതം സിനിമ ഷൂട്ടിങ്ങിനിടെയാണ് പൃഥ്രിരാജും ബ്ലെസ്സിയുമടങ്ങുന്ന 58 അംഗസംഘം ജോര്‍ദ്ദാനില്‍ കുടുങ്ങിയത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ തങ്ങളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതല്ല അധികൃതരുടെ മുന്നിലെ വലിയ പ്രശ്‌നമെന്ന് അറിയാമെന്നും പൃഥ്രിരാജ് പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് താരം വിവരങ്ങള്‍ അറിയിച്ചത്.

തങ്ങളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതല്ല അധികൃതരുടെ മുന്നിലെ വലിയ പ്രശ്‌നമെന്ന് അറിയാം. ഈസമയത്ത് ഇക്കാര്യം ഉയര്‍ത്തിക്കാട്ടുന്നത് ശരിയുമല്ല. എങ്കിലും സ്ഥിതിഗതികള്‍ കൃത്യമായി അധികൃതരെ അറിയിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചു.

നിലവില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ നാട്ടില്‍ എത്താന്‍ കഴിയാതെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. ഉചിതമായ സമയമാകുമ്പോള്‍ തങ്ങള്‍ക്കും നാട്ടില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു. ഏപ്രില്‍ രണ്ടാമത്തെ ആഴ്ച വരെയുളള ഭക്ഷണം കൈവശമുണ്ട്. അതിന് ശേഷമുളള കാര്യങ്ങളെ കുറിച്ച് ആശങ്ക നിലനില്‍ക്കുന്നതായും പൃഥ്വിരാജ് കുറിച്ചു.

മാര്‍ച്ച് 24 ന് ആടുജീവിതത്തിന്റെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവെച്ചു. കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലാണ് നിര്‍ത്തിവെച്ചത്. തുടര്‍ന്ന് സാഹചര്യങ്ങള്‍ അധികൃതരെ ബോധ്യപ്പെടുത്തിയപ്പോള്‍, ഷൂട്ടിങ് പുനരാരംഭിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. പിന്നീട് കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ ഷൂട്ടിങ് പുനരാരംഭിക്കാന്‍ നല്‍കിയ അനുമതി ജോര്‍ദാന്‍ റദ്ദാക്കി. തുടര്‍ന്നുളള ദിവസങ്ങളില്‍ മരുഭൂമിയിലാണ് തങ്ങള്‍ കഴിയുന്നതെന്നും പൃഥ്വിരാജ് പറയുന്നു. തങ്ങളുടെ കൂടെ ഒരു ഡോക്ടറുമുണ്ട്. സംഘത്തിലെ ഓരോ അംഗത്തെയും 72 മണിക്കൂര്‍ ഇടവിട്ട് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേമാക്കുന്നുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച ജോര്‍ദാന്‍ ഡോക്ടറും തങ്ങളെ ഇടയക്കിടെ വന്ന് പരിശോധിക്കുന്നുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

SHARE