‘കയ്യടിക്കുന്നതും പാത്രം കൊട്ടുന്നതും മന്ത്രം’; വൈറസ് ചത്തുപോകുമെന്ന് നടന്‍ മോഹന്‍ലാല്‍

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തക്കുറിച്ച് അശാസ്ത്രീയമായ വിവരങ്ങള്‍ പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം കയ്യടിക്കുന്നതും പാത്രം കൊട്ടുന്നതും മന്ത്രമാണെന്നും അതിലൂടെ വൈറസ് ചാകുമെന്നുമാണ് മോഹന്‍ലാലിന്റെ പരാമര്‍ശം. മനോരമ ചാനലിനാണ് മോഹന്‍ലാാല്‍ ജനതാകര്‍ഫ്യൂവില്‍ പ്രതികരിച്ചത്.

‘ഇന്ന് വൈകീട്ടു 5 മണിക്ക് ശേഷം എല്ലാവരും കൂടി കൈയടിക്കുന്നത് ഒരു വലിയ പ്രക്രിയയാണ്. ആ ശബ്ദം എന്ന് പറയുന്നത് ഒരു മന്ത്രം പോലെയാണ്. അതില്‍ ഒരുപാട് ബാക്ടീരിയയും വൈറസും ഒക്കെ നശിച്ചു പോവാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ചു പോവട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുകയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

ഇന്ന് രാവിലെ ഏഴുമുതല്‍ രാത്രി 9 വരെ കുട്ടികളും പ്രായമായവരും വീട്ടില്‍ ഇരിക്കണമെന്നും വൈകുന്നേരം അഞ്ചിന് പാത്രം കൊട്ടണമെന്നുമായിരുന്നു മോദിയുടെ ആഹ്വാനം. ഇതിനെ പിന്തുണച്ചുകൊണ്ട് അശാസ്ത്രീയമായ പരാമര്‍ശം നടത്തി മോഹന്‍ലാല്‍ രംഗത്തെത്തിയതോടെ സാമൂഹ്യമാധ്യമങ്ങളിലടക്കം വിമര്‍ശനം ശക്തമാവുകയാണ്.