ആര്‍.എസ്.എസ് യോഗത്തില്‍ പങ്കെടുത്ത് നടന്‍ മോഹന്‍ലാല്‍

നടന്‍ മോഹന്‍ലാല്‍ ആര്‍.എസ്.എസ് യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സംവിധായകന്‍ മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുത്തത്. ആലുവയിലെ ആര്‍.എസ്.എസ് സംഘ്ചാലക് പി.ഇ.ബി മേനോന്റെ വീട്ടിവല്‍ നടന്ന വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തിലാണ് മോഹന്‍ലാല്‍ ഇന്നലെ പങ്കെടുത്തത്. ആര്‍.എസ്.എസിന്റെ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റാണ് വിശ്വശാന്തി. സംഘടനയുടെ രക്ഷാധികാരി മോഹന്‍ലാല്‍ ആണെന്നും റിപ്പോര്‍ട്ടുണ്ട്.

മോഹന്‍ലാലിനൊപ്പം ആര്‍.എസ്.എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സേവാ പ്രമുഖ് വിനോദ് തുടങ്ങിയ നേതാക്കളും യോഗത്തിലുണ്ടായിരുന്നു. മോഹന്‍ലാല്‍ ബി.ജെ.പി അനുകൂല നിലപാടുകള്‍ കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. നേരത്തെ നോട്ടു നിരോധനം ഉള്‍പ്പെടെയുള്ള പല വിഷയങ്ങളില്‍ ബി.ജെ.പി അനുകൂല നിലപാടാണ് മോഹന്‍ലാല്‍ സ്വീകരിച്ചിരുന്നത്. ആര്‍.എസ്.എസ് അനുകൂലിയായ മേജര്‍ രവിയുമായുള്ള സൗഹൃദമാണ് മോഹന്‍ലാലിനെയും വലതുപാളയത്തിലേക്ക് അടുപ്പിച്ചിതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചര്‍ച്ചകള്‍.

സിനിമാ മേഖലയിലെ പ്രമുഖകരെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ച് അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ ബി.ജെ.പിക്ക് സ്വീകാര്യത ഉണ്ടാക്കുക എന്ന ആര്‍.എസ്.എസിന്റെ അജണ്ടയുടെ ഭാഗമായാണ് ഇത്തരം നീക്കമെന്നും വിലയിരുത്തലുണ്ട്.