കൊച്ചി: കുഞ്ഞുമറിയത്തെ ക്യാമറയില്‍ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. ലോക്ക്ഡൗണ്‍ കാലത്ത് കൊച്ചിയിലെ വീട്ടില്‍ കുടുംബത്തിനൊപ്പമാണ് മമ്മുട്ടി. ഭാര്യയ്ക്കും ദുല്‍ഖറിനും മരുമകള്‍ അമാലിനും പേരക്കുട്ടി അമീറ സല്‍മാനുമൊപ്പമാണ് കൊച്ചിയിലെ പുതിയ വീട്ടില്‍ താമസം. ഒട്ടുമിക്ക താരങ്ങളും ലോക്ഡൗണ്‍ കാലം വീട്ടില്‍ തന്നെയാണ് ചെലവഴിക്കുന്നത്.
വീട്ടിലെ ബാാല്‍ക്കണിയില്‍ കുഞ്ഞു മറിയത്തിന്റെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. താരത്തിന്റെ ഫാന്‍ ഗ്രൂപ്പുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉപ്പൂപ്പാന്റെ ക്ലിക്കില്‍ പതിഞ്ഞ മാലാഖ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിക്കുന്നത്.
നേരത്തെ, ലോക്ക്ഡൗണ്‍ കാലത്ത് വീടിന് മുന്നിലെത്തിയ പക്ഷികളെ ക്യാമറയില്‍ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും മമ്മൂട്ടിയെടുത്ത ചിത്രങ്ങളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.
വൈറ്റില ജനതയില്‍ അംബേലിപ്പാടം റോഡിലാണ് മമ്മൂട്ടിയുടെ പുതിയ വീട്. വീടിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വാഹനശേഖരത്തിലെ വണ്ടികളില്‍ പലതും വീടിന്റെ കോമ്പൗണ്ടിനകത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ട്. വീടിനു മുകളിലൊരുക്കിയ സോളാര്‍ സിസ്റ്റവും പാനലുകളും ശ്രദ്ധ നേടിയിരുന്നു. മുമ്പ് കൊച്ചി പനമ്പള്ളി നഗറിലായിരുന്നു മമ്മൂട്ടിയും കുടുംബവും താമസം. പുതിയ വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞതിനെ തുടര്‍ന്ന് മമ്മൂട്ടിയും കുടുംബവും വൈറ്റില ജനതയിലെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.