ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ വേദനയോടെ സിനിമാലോകം; മമ്മുട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ് തുടങ്ങി പ്രമുഖരുടെ പ്രതികരണങ്ങള്‍

കൊച്ചി: ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ വേദനയോടെ സിനിമാലോകം. ക്യാപ്റ്റന്‍ രാജുവിന്റെ വേര്‍പാട് മലയാള സിനിമാ ലോകത്തിന് വലിയൊരു നഷ്ടമാണെന്ന് മമ്മുട്ടി പറഞ്ഞു.

ഇത്രയും ബഹുഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍ മലയാളസിനിമയില്‍ ഉണ്ടോ എന്നറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ രൂപഭംഗിയും അഭിനയ ചാതുര്യവുമാണ് മറ്റുഭാഷകളിലും സ്വീകാര്യനാക്കിയത്. സുഹൃത്തുക്കളോടും തൊഴിലിനോടും ആത്മാര്‍ത്ഥതയുള്ളയാളായിരുന്നു ക്യാപ്റ്റന്‍ രാജു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മമ്മുട്ടി പറഞ്ഞു. നടന്‍ എന്നതിനേക്കാള്‍ തന്റെ മൂത്ത സഹോദരനായിരുന്നു അദ്ദേഹമെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. എല്ലാവരേയും സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന നടനായിരുന്നു അദ്ദേഹമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഒരു മനുഷ്യ സ്‌നേഹിയേയും നല്ല നടനേയുമാണ് ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തിലൂടെ മലയാള സിനിമക്ക് നഷ്ടമായതെന്ന് ഇന്നസെന്റ് എം.പി പറഞ്ഞു. അടുക്കും ചിട്ടയുമുള്ള സിനിമാനടനാണ് അദ്ദേഹം. കുടുംബത്തിന്റെ ദു:ഖത്തിനോടൊപ്പം പങ്കുചരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ‘വില്ലന്‍ വേഷങ്ങള്‍ക്ക് പുതുമാനം നല്‍കിയ കലാകാരനായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലായി 500 ലധികം സിനിമകളില്‍ അഭിനയിച്ച ക്യാപ്റ്റന്‍ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണ്.’മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.