സ്ത്രീകള്‍ക്കെതിരായ മോശംപരാമര്‍ശം; നടന്‍ കൊല്ലം തുളസി കീഴടങ്ങി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ നടന്‍ കൊല്ലം തുളസി കീഴടങ്ങി.

ഇന്ന് പത്തരയോടെ ചവറ പൊലീസ് സ്റ്റേഷനില്‍ എത്തിയ അദ്ദേഹം അന്വേഷണ ഉദ്യോസ്ഥന്‍ ഇന്‍സ്‌പെക്ടര്‍ എസ്.ചന്ദ്രദാസ് മുന്‍പാകെയാണു കീഴടങ്ങുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം ചവറ കോടതിയില്‍ ഹാജരാക്കും.

നേരത്തെ ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. ഒക്ടോബര്‍ 12 ന് ചവറയില്‍ ബിജെപിയുടെ പരിപാടിയില്‍ വച്ചായിരുന്നു വിവാദ പ്രസംഗം.

കൊല്ലം ചവറയില്‍ എന്‍.ഡി.എ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ചവറ പോലീസ് കേസ് എടുത്തത്. . ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ദില്ലിയിലേക്കും മറ്റൊരുഭാഗം പിണറായി വിജയന്റെ മുറിയിലേക്കും എറിയണമെന്നായിരുന്നു പ്രസംഗം.

വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും പ്രസംഗത്തില്‍ കൊല്ലം തുളസി വിമര്‍ശിച്ചിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് ചവറ പോലീസ് കേസ് എടുത്തത്. പ്രസംഗത്തിനെതിരെ വനിത കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു.