സാമൂഹിക അകലം പാലിച്ച് ഖബറടക്കം; ഇര്‍ഫാന്‍ ഖാന്‍ ഇനി ഓര്‍മ


നടന്‍ ഇര്‍ഫാന്‍ ഖാന്റെ (53) മൃതദേഹം ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് ഖബറടക്കി. മുംബൈയിലാണ് ചടങ്ങ് നടന്നത്. വേര്‍സോവ ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടത്തിയത്. വൈകിട്ട് മൂന്ന് മണിയോടെ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഉണ്ടായിരുന്നത്. സംവിധായകനായ വിശാല്‍ ഭരദ്വാജ്, കപില്‍ ശര്‍മ, മിക സിംഗ് തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങ് കനത്ത പൊലീസ് കാവലിലായിരുന്നു.

കോളന്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന തരത്തില്‍ ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഭാര്യയുടെ പേര്: സുതപ സികാര്‍. ബബില്‍, ആര്യന്‍ എന്നിവരാണ് മക്കള്‍. സല്‍മാന്‍, ഇമ്രാന്‍ എന്നീ സഹോദരന്മാരും ഇര്‍ഫാനുണ്ട്.