ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കുമോ?; പ്രസിഡന്റ് ഇന്നസെന്റ് പ്രതികരിക്കുന്നു

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് ഇന്നസെന്റ് പ്രതികരണം ഇങ്ങനെയായിരുന്നു. തിരിച്ചെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘വേണോ’ എന്നായിരുന്നു ഇന്നസെന്റിന്റെ മറുചോദ്യം. ഇന്നലെ അങ്കമാലിയില്‍വെച്ചാണ് ഇന്നസെന്റിനോട് മാധ്യമപ്രവര്‍ത്തകര്‍ ദിലീപിനെക്കുറിച്ച് ചോദിച്ചത്. എന്നാല്‍ അതൃപ്തിയോടെയായിരുന്നു മറുപടി മുഴുവനും. തനിക്കുവേണോ? എന്ന് മറുപടി കിട്ടിയ ഉടന്‍ വേറൊരു വേദിയില്ലാത്തതിനാലാണ് ഇപ്പോള്‍ ചോദിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ‘ അത് പറയാന്‍ വേറെ ആളുണ്ട്. മാത്രമല്ല, ഇപ്പോ ചാനലില്‍ ആവശ്യത്തിന് സംഭവങ്ങളുണ്ട്. തീരെ ഗതി മുട്ടുമ്പോള്‍ എന്റടുത്തേക്ക് വരൂ, ഞാന്‍ തരാം’- എന്നിങ്ങനെയായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം. നിലവില്‍ ‘അമ്മയുടെ’ അധ്യക്ഷനാണ് ഇന്നസെന്റ്.

അതോസമയം, കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കും. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ആലോചനയിലാണ് അന്വേഷണ സംഘം. പള്‍സര്‍സുനി രണ്ടാം പ്രതിയുമാകും. നിലവില്‍ കേസില്‍ ദിലീപ് പതിനൊന്നാം പ്രതിയാണ്. ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതിന് അന്വേഷണ സംഘത്തിനു നിയമോപദേശം ലഭിച്ചതായാണ് സൂചന. അടുത്തയാഴ്ച സംഘം കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം. നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചത് ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഗൂഢാലോചനയ്ക്കു നേതൃത്വം നല്‍കുന്നത് നേരിട്ടു കൃത്യത്തില്‍ പങ്കെടുക്കുന്നതു തുല്യമാണ്. കൃത്യം നേരിട്ടു നടപ്പാക്കിയവര്‍ക്കു നടിയോടു മുന്‍വൈരാഗ്യമോ മറ്റേതെന്തിലും പ്രശ്‌നമോ ഇല്ല. അവര്‍ ഉപകരണങ്ങള്‍ മാത്രമായാണ് പ്രവര്‍ത്തിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേസില്‍ ദിലീപീനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം തയാറാക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചനകള്‍. നാളെ ചേരുന്ന യോഗത്തില്‍ അന്വേഷണ സംഘം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.