കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന ആക്ഷേപം; പ്രതികരണവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

സാമൂഹ്യമാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി യുവതാരം ദുല്‍ഖര്‍സല്‍മാന്‍. ഈ സമയത്ത് കേരളത്തിലില്ലാത്തതില്‍ ദു:ഖമുണ്ടെന്ന് പറഞ്ഞ ദുല്‍ഖറിന്റെ പരാമര്‍ശത്തിനാണ് സാമഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. ഈ വിമര്‍ശനങ്ങള്‍ക്ക് താരം തന്നെ മറുപടിയുമായെത്തി. കേരളത്തില്‍ ഇല്ല എന്നതുകൊണ്ട് താന്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്നര്‍ത്ഥമില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

‘കേരളത്തില്‍ ഇല്ല എന്നതുകൊണ്ട് താന്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്നര്‍ത്ഥമില്ല. തനിക്ക് ആരേയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട ഈ സാഹചര്യത്തില്‍ നിങ്ങളുടെ നെഗറ്റിവിറ്റിയും വെറുപ്പും മുന്‍വിധികളും പുറത്ത് കളയമെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. ഇത്തരത്തില്‍ അധിക്ഷേപം നടത്തുന്ന കമന്റുകള്‍ നടത്തുന്നവരെയാരേയും ദുരിതാശ്വാസ ക്യാമ്പുകളുടെ അടുത്തുപോലും കാണുന്നില്ലെന്നും മറ്റൊരാളെ അധിക്ഷേപിക്കുന്ന് സ്വന്തം മഹത്വം വര്‍ദ്ധിപ്പിക്കുകയില്ലെന്നും’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇല്ലാത്തതില്‍ ഖേദമുണ്ടെന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരെ വിമര്‍ശനവും അധിക്ഷേപവും ശക്തമായതോടെ ദുല്‍ഖര്‍ തന്നെ മറുപടി നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മുട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്.