ജോര്‍ദാനില്‍ കുടുങ്ങിയ നടന് പൃഥ്വിരാജിനെ രണ്ട് ദിവസം കൂടുമ്പോള്‍ വിളിച്ച് സംസാരിക്കാറുണ്ടെന്ന് നടന് ദുല്‍ഖര്‍ സല്മാന്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയത് വര്‍ത്തയായിരുന്നു. തിരിച്ചു പോരാന്‍ സാധിക്കാത്തതിനാലാണ് സംഘം അവിടെ കുടുങ്ങിയിരിക്കുന്നത്. ആടുജീവിതത്തിന്റെ ഷൂട്ടിങ്ങാണ് ജോര്‍ദ്ദാനില്‍ നടക്കുന്നത്.
ആടുജീവിതത്തിനു വേണ്ടി പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടിട്ടണ്ടെന്നും ഷൂട്ടിങ് മുടങ്ങിയത് ദൗര്‍ഭാഗ്യകരമാണെന്നും ദുല്‍ഖര്‍ സല്മാന് പറഞ്ഞു. ഇത്രയും കാലം തങ്ങള്‍ തമ്മില്‍ വലിയ ബന്ധമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിരം വിളിക്കാറുണ്ടെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്. ഇത്രയും കാലം ഇങ്ങനെ ബോണ്ട് ചെയ്യാന്‍ സാധിക്കാതെ പോയത് എന്ത് കൊണ്ട് എന്നറിയില്ല. പക്ഷേ ഇപ്പോള്‍ അത് സംഭവിച്ചതില്‍ സന്തോഷമുണ്ട്. രണ്ടു ദിവസം കൂടുമ്പോഴൊക്കെ വെറുതെ വിളിക്കും, അല്ലെങ്കില്‍ ഒരു മെസ്സേജ് അയയ്ക്കും. ‘ഒരു കാര്‍ വാങ്ങി’ എന്നൊക്കെ പറഞ്ഞാവും ചിലപ്പോള്‍ ഞാന്‍ മെസ്സേജ് അയയ്ക്കുക. വെറുതെ പൃഥ്വിയെ സന്തോഷിപ്പിക്കാന്‍ എന്തെങ്കിലും പറയാന്‍ ശ്രമിക്കും.’ ദുല്‍ഖര്‍ പറഞ്ഞു.
‘പറ്റുമ്പോഴെല്ലാം പൃഥ്വിരാജുമായി സംസാരിക്കാറുണ്ട്. വളരെ സങ്കടമാണ് അവരുടെ കാര്യം. മൂന്ന് ആഴ്ചയിലേറെയായി ഷൂട്ടിങ് മുടങ്ങി അവര്‍ ജോര്‍ദാനില്‍ പെട്ടിരിക്കുകയാണ്. സംഘത്തിലെ ആര്‍ക്കും അസുഖമൊന്നുമില്ല എങ്കിലും ഇങ്ങനെ കഴിയേണ്ടി വരുന്നത് കഷ്ടമാണ്. ഈ ചിത്രത്തിന് വേണ്ടി പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ഭാരം കുറയാനായി പട്ടിണി കിടന്നിട്ടുണ്ട്. അഞ്ചാറു മാസം എടുത്താണ് ഈ ചിത്രത്തിന് വേണ്ട ഒരു ശാരീരികാവസസ്ഥയിലേക്ക് പൃഥ്വി എത്തിയത്. അങ്ങനെ കഷ്ടപ്പെട്ട് തയ്യാറെടുത്തിട്ട് ചിത്രീകരിക്കാന്‍ സാധിക്കാതെ വരുന്നത് നിര്‍ഭാഗ്യകരമാണ്.
മാര്‍ച്ച് ആദ്യമാണ് ഇവര്‍ ജോര്‍ദാനില്‍ എത്തിയത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെപ്പിക്കുകയായിരുന്നു. എറണാകുളത്തെ വീട്ടില്‍ കുടുംബത്തിനൊപ്പമാണ് ദുല്‍ഖര്‍ സല്മാന്.