കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതി നടന് ദിലീപ് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്. നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും അത് കാണുവാന്‍ തനിക്ക് അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം.
എന്നാല്‍ കര്‍ശ്ശന ഉപാധിയോടെയാണെങ്കിലും ദൃശ്യങ്ങള്‍ കൈമാറരുതെന്നാണ് ആക്രമണത്തിന് ഇരയായ നടി സുപ്രീംകോടതിയില്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതികളെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന് തടസമില്ലെന്നും. എന്നാല്‍, പകര്‍പ്പ് കൈമാറരുതെന്നുമാണ് നടിയുടെ ആവശ്യം. തന്റെ സ്വകാര്യത മാനിക്കണമെന്ന് നടി കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും വാദങ്ങള്‍ എഴുതി നല്‍കിയിരുന്നു.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീ ശബ്ദത്തില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും ഈ ശബ്ദം കേസ് രേഖകളില്‍ പരാമര്‍ശിക്കുന്നില്ലെന്നും ദിലീപ് സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കിട്ടിയാല്‍ മാത്രമേ കേസിലെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ദിലീപ് രേഖാമൂലം നല്കിയ വാദങ്ങളില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.