‘മഞ്ജു ശത്രുവല്ല; അവസരം കിട്ടിയാല്‍ ഒരുമിച്ചഭിനയിക്കും’: ദിലീപ്

കൊച്ചി: നടി മഞ്ജുവാര്യറുമായി ശത്രുതയില്ലെന്നും അവസരം കിട്ടിയാല്‍ ഒരുമിച്ചഭിനയിക്കുമെന്നും നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരായ കാര്യങ്ങള്‍ ഒരിക്കല്‍ തുറന്നു പറയുമെന്നും ദിലീപ് പറഞ്ഞു. കോടതിയിലുള്ള കേസിനെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ദിലീപ് പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപിന്റെ പരാമര്‍ശം.

മഞ്ജുവല്ലാതെ മറ്റാരും ഒരു ക്യാരക്ടറിന് പറ്റാതെ വന്നാല്‍ അവര്‍ക്കൊപ്പം അഭിനയിക്കും. മഞ്ജുവുമായി ശത്രുതയില്ലെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രിമിച്ച കേസ് കോടതിയില്‍ ഉള്ളതിനാല്‍ ഇപ്പോള്‍ അതേപ്പറ്റി പ്രതികരിക്കുന്നില്ല. എന്നാല്‍ മറ്റൊരിക്കല്‍ അതേപ്പറ്റി പറയുമെന്നും ദിലീപ് വ്യക്തമാക്കി. സിനിമ മനസില്‍ സൂക്ഷിച്ചു നടന്ന കാലത്ത് പിന്നില്‍ നടക്കുന്നതെന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മ്മാതാക്കള്‍ ഉന്നയിച്ച വിധത്തിലുള്ള അനുഭവം തനിക്ക് യുവ നടന്മാരില്‍ നിന്നും ഉണ്ടായിട്ടില്ല. താന്‍ കാണാത്ത കാര്യത്തെപ്പറ്റി പറയാനും സാധിക്കില്ല. ഷെയിന്‍ മുടിമുറിക്കുന്നത് മറ്റാളുകളുമായി ബന്ധപ്പെടുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നത്. ഷെയ്‌ന്റെ വിഷയം മറ്റ് ആളുകളുടെ വിഷയമായി മാറുന്നുണ്ട്. കമ്മിറ്റ്‌മെന്റ് എന്നുള്ളതാണ് വിഷയമായതെന്നും ദിലീപ് പറഞ്ഞു.