‘അമ്മ’യിലെ പൊട്ടിത്തെറി: നടന്‍ ദിലീപിന്റെ പ്രതികരണം

താരസംഘടന അമ്മയിലെ പൊട്ടിത്തെറിയില്‍ പ്രതികരണവുമായി നടന്‍ ദിലീപ് രംഗത്ത്. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ താന്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും അത്തരത്തിലൊരു പരാതി നടി സംഘടനക്കു നല്‍കിയിരുന്നെങ്കില്‍ വിശദീകരണം ചോദിക്കണമായിരുന്നെന്നും ദിലീപ് പറഞ്ഞു. മനോരമയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് പരസ്യപ്രതികരണത്തിന് കോടതി അനുമതിയില്ല. അതിനാല്‍ സുഹൃത്തുക്കള്‍ വഴിയാണ് വിവാദങ്ങളില്‍ പ്രതികരണമെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മയില്‍ നിന്നും തന്നെ പുറത്താക്കിയ വിവരമോ തിരിച്ചെടുത്ത വിവരമോ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും ദിലീപ് പറഞ്ഞു.

അമ്മയില്‍ നിന്ന് പുറത്താക്കിയ ദിലീപിനെ കഴിഞ്ഞ ദിവസത്തെ ജനറല്‍ബോഡി യോഗത്തില്‍ തിരിച്ചെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാലുപേര്‍ രാജിവെക്കുകയായിരുന്നു. വനിതാ കൂട്ടായ്മയിലെ നാലുപേര്‍ രാജിവെച്ചപ്പോള്‍ മഞ്ജുവാര്യര്‍, പാര്‍വ്വതി തുടങ്ങി നടിക്കൊപ്പം ആദ്യംമുതല്‍ നിന്ന താരങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതിനിടെ, അമ്മയെ വെട്ടിലാക്കി നടനും ഭാരവാഹിയുമായ ഇടവേള ബാബു പൊലീസിന് നല്‍കിയ മൊഴി പുറത്തായി. ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതിപ്പെട്ടിരുന്നുവെന്നും അതില്‍ വാസ്തവമുണ്ടെന്ന് തോന്നിയതായും ഇടവേള ബാബു പറയുന്നു. ദിലീപിനെക്കുറിച്ച് നടി പരാതിപ്പെട്ടിരുന്നില്ലെന്ന സംഘടനാ പ്രവര്‍ത്തകരുടെ വാദം ഇതോടെ പൊളിഞ്ഞു.

നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ താന്‍ ദിലീപുമായി സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് തലയിടുന്നതെന്ന് താന്‍ ദിലീപിനോട് ചോദിച്ചതായും ഇടവേള ബാബു പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംഘടന ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നില്ലെന്നും അമ്മയുടെ സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെ ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.

ദിലീപും കാവ്യയുമായുള്ള ബന്ധത്തെ ചൊല്ലിയായിരുന്നു തര്‍ക്കമുണ്ടായത്. ഈ സംഭവത്തിന് ശേഷം കാവ്യ മാധവനും നടിയും പരസ്പരം മിണ്ടാറില്ലായിരുന്നെന്നും ഇടവേള ബാബു പൊലീസിനോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ മുപ്പതാം സാക്ഷിയായ ഇടവേള ബാബു അമ്മയുടെ മുന്‍ സെക്രട്ടറിയായിരുന്നു.