‘നടിമാരുള്‍പ്പെടെ ലഹരിക്ക് അടിമയാണ്. പരിശോധിച്ചാല്‍ പലരും കുടുങ്ങും’; ഷൈന്‍ വിഷയത്തില്‍ ബാബുരാജ്

കൊച്ചി: യുവനടന്‍ ഷൈന്‍ നിഗത്തെ നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നും വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാബുരാജ് രംഗത്ത്. സിനിമ മേഖലയില്‍ ന്യൂജെന്‍ തലമുറക്കാരില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നുവെന്ന് ബാബുരാജ് പറഞ്ഞു. നിലവില്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗമാണ് ബാബുരാജ്.

ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാ സംഘങ്ങളുണ്ട്. നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്. ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണ്.

പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മാത്രമാണ് ഷെയിന്‍ ‘അമ്മ’യില്‍ അംഗമായത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ പലരും ‘അമ്മ’യില്‍ അംഗങ്ങളല്ല. അവര്‍ക്ക് താല്‍പര്യവുമില്ലെന്നും ബാബുരാജ് പറഞ്ഞു. ഷെയിനിന്റെ വിഡിയോകള്‍ കണ്ടാല്‍ പലര്‍ക്കും പലതും മനസിലാകും. ഷെയിന്‍ നിഗം വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്ക് പരിമിതിയുണ്ടെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷൈന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയത്. വെയില്‍, ഖുര്‍ബാനി എന്നീ സിനിമകള്‍ ഉപേക്ഷിക്കുകയാണെന്നും അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വരെ വിലക്കാന്‍ ആലോചിച്ചിട്ടു പോലുമില്ലെന്ന് പറഞ്ഞ നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ ഒരു ദിവസം കൊണ്ട ഇത്തരമൊരു തീരുമാനമെടുത്തതിന് പിന്നില്‍ മറ്റ് പലതുമുണ്ടെന്നായിരുന്നു ഇതിനോടുള്ള ഷൈന്റെ പ്രതികരണം. തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകാതെയാണ് അവര്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇതിന് പിന്നില്‍ സിനിമയുടെ പ്രശ്‌നമല്ല. വേറെ പൊളിറ്റിക്‌സാണ്. അത് കാലം തെളിയിക്കും. വിലക്ക് എന്നു പറഞ്ഞാല്‍ കൈയും കാലും കെട്ടിയിടുകയില്ലല്ലോ. താന്‍ അഭിനയ രംഗത്ത് തന്നെയുണ്ടാകും. മിണ്ടാന്‍ പറ്റാത്ത ഒരുപാട് പേരുണ്ട് ഇവിടെ. അവര്‍ക്ക് കൂടി വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. പിന്നാമ്പുറക്കഥകള്‍ ഒരുപാടുണ്ട്. അത് ഉടനെ തന്നെ നിങ്ങളെ അറിയിക്കും. ഷൈന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.