മുംബൈ: ലോക്ക് ഡൗണില്‍ പാവങ്ങള്‍ക്ക് ഒരു കിലോ ഗോതമ്പ് പായ്ക്കില്‍ ഒളിപ്പിച്ച നിലയില്‍ 15000 രൂപ വീതം ബോളിവുഡ് നടന് ആമിര്‍ ഖാന് വിതരണം ചെയ്തു എന്ന വാര്‍ത്ത വൈറലായിരുന്നു ഈയിടെ. അത്യാവശ്യക്കാരായ ആളുകള്‍ മാത്രമേ ഒരു കിലോ ആട്ട വാങ്ങാന്‍ വരൂ എന്നും അവര്‍ക്കാണ് താരം പണം അവരറിയാതെ വിതരണം ചെയ്തത് എന്നുമായിരുന്നു വാര്‍ത്ത. സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായ വാര്‍ത്തയോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് താരം.
‘സുഹൃത്തുക്കളെ ഗോതമ്പ് ബാഗുകളില്‍ പണം നിക്ഷേപിച്ച വ്യക്തി ഞാനല്ല. ഒന്നുകില്‍ അത് പൂര്‍ണ്ണമായ ഒരു വ്യാജ വാര്‍ത്തയാണ്. അല്ലെങ്കില്‍ റോബിന് ഹുഡ് സ്വയം വെളിച്ചത്തു വരാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. സുരക്ഷിതരായിക്കൂ. സ്നേഹം’ – എന്നാണ് ആമിര്‍ ട്വിറ്ററില്‍ കുറിച്ചത്.
ആമിര്‍ പണം വിതരണം ചെയ്തിട്ടില്ലെന്ന് നേരത്തെ വസ്തുതാ വിശകലന വെബ്സൈറ്റായ ബൂം ലൈവ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടിക് ടോകില്‍ സമാന് എന്ന യുവാവാണ് ഇതിന് തുടക്കം കുറിച്ചത്. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു.