ഇത് മാദ്ധ്യമ പ്രവര്‍ത്തനമല്ല, മുസ്‌ലിംകള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണം; ഇന്ത്യാ ടുഡേയ്‌ക്കെതിരെ സാമൂഹിക പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ മദ്രസകളെ കുറിച്ച് ഇന്ത്യ ടുഡേ പ്രക്ഷേപണം ചെയ്ത വാര്‍ത്തയുടെ അവതരണ സ്വഭാവത്തിനെതിരെ വ്യാപക വിമര്‍ശം. ചാനല്‍ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാള്‍ അവതരിപ്പിച്ച മദ്രസ ഹോട്ട്‌സ്‌പോട്ട് എന്ന അന്വേഷണ റിപ്പോര്‍ട്ടിനെതിരെയാണ് സാമൂഹികപ്രവര്‍ത്തകരും എഴുത്തുകാരും രംഗത്തു വന്നത്.

മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണമാണ് റിപ്പോര്‍ട്ടെന്ന് സാമൂഹ്യ പ്രവര്‍ത്തക കവിത കൃഷ്ണന്‍, സംഗീതജ്ഞന്‍ ടി.എം കൃഷ്ണ, മാദ്ധ്യമപ്രവര്‍ത്തകരായ ദിലീപ് മണ്ഡല്‍, സുമന്ത് രാമന്‍, എഴുത്തുകാരി അന്ന സൈദി തുടങ്ങിയവര്‍ കുറ്റപ്പെടുത്തി.

വിഷയത്തില്‍ ചാനലിന്റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റും പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനുമായ രാജ്ദീപ് സര്‍ദേശായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 10ന് രാത്രി എട്ടു മണിക്കാണ് ന്യൂസ് ട്രാക് പംക്തിയില്‍ രാഹുല്‍ കന്‍വാള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

ശനിയാഴ്ച പരിപാടിയെ കുറിച്ചുള്ള ട്വിറ്റര്‍ വിവരണത്തില്‍ രാഹുല്‍ കുറിച്ചതിങ്ങനെ; ‘തലസ്ഥാനത്തെ മദ്രസകള്‍ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിക്കുന്നതായി ഇന്ത്യ ടുഡേ കണ്ടെത്തുന്നു. ചെറിയ മുറികളില്‍ കുട്ടികളെ കുത്തി നിറച്ചിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്നില്ല. കുട്ടികളെ പൊലീസില്‍ നിന്ന് ഒളിപ്പിച്ചിരിക്കുകയാണ് എന്ന് അദ്ധ്യാപകര്‍ വീമ്പു പറയുന്നു. ലോക്കല്‍ പൊലീസിന് കൈക്കൂലി കൊടുത്തിട്ടുണ്ട് എന്ന് മറ്റൊരു അവകാശവാദം. എട്ടു മണിക്ക് ഇന്ത്യ ടുഡേയില്‍ കാണൂ’


ശക്തമായ ഭാഷയിലാണ് ഈ വാക്കുകളോട് കവിത കൃഷ്ണന്‍ പ്രതികരിച്ചത്. ‘അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്ന് പറഞ്ഞുള്ള വിദ്വേഷ പ്രചാരണമാണിത്. രാജ്ദീപ് സര്‍ദേശായി അടക്കമുള്ള മാദ്ധ്യമപ്രവര്‍ത്തകരേ, ഉച്ചത്തില്‍ കൃത്യമായി വിളിച്ചു പറയൂ. ഇത് ശരിയല്ല. പ്രത്യേകിച്ചും ഒരു മഹാമാരിക്കാലത്ത്’ – അവര്‍ എഴുതി.


ട്വിറ്ററില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും അവര്‍ പോസ്റ്റ് ചെയ്ത വീഡിയോവില്‍ രാഹുലിന്റേത് കുപ്പത്തൊട്ടിയിലെ മാദ്ധ്യമപ്രവര്‍ത്തനമാണ് എന്ന് കവിത അപഹസിച്ചു.


ഇത് മാദ്ധ്യമപ്രവര്‍ത്തനമല്ല. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിയുടെയും സീ ന്യൂസിന്റെയും വിഭാഗത്തില്‍ തന്നെയാണ് താങ്കളുമുള്ളത്. നിങ്ങള്‍ ഒരു വിദ്വേഷ പ്രചാരകനാണ്. ചരിത്രം അതു നിങ്ങളെ ഓര്‍മപ്പെടുത്തും. ചരിത്രം നിങ്ങളെ തീര്‍പ്പുകല്‍പ്പിക്കും. നിശ്ശബ്ദരായിരിക്കുന്ന നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ ഓരോരുത്തരും നിങ്ങളെ വിലയിരുത്തും- അവര്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ രാജ്ദീപ് സര്‍ദേശായിയുടെ മൗനം അംഗീകരിക്കാനാവില്ല എന്നാണ് ടി.എം കൃഷ്ണ കുറിച്ചത്. രാജ്ദീപിനെ ഉപയോഗിച്ച് ലിബറല്‍ മുഖവും കന്‍വാളിനെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണവുമാണ് ചാനല്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിവാദങ്ങളോട് ഇന്ത്യ ടുഡേ പ്രതികരിച്ചിട്ടില്ല.