‘അച്ഛേ ദിന്‍’ പരസ്യങ്ങളില്‍ മാത്രം; എല്ലാം മോദിയുടെ ഇഷ്ടത്തിനനുസരിച്ച്: ശിവസേന

മുംബൈ: മോദി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്ന ‘അച്ഛേ ദിന്‍’ കേവലം പരസ്യങ്ങളില്‍ മാത്രമാണുള്ളതെന്നും സത്യം വ്യത്യസ്തമാണെന്നും ശിവസേന. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും ശക്തമായി വിമര്‍ശിച്ച് എന്‍ഡിഎ സഖ്യകക്ഷി ശിവസേന രംഗത്ത്. ശരിയായ ജനാധിപത്യം തന്നെയാണോ ഇവിടെ നടക്കുന്നത്? എല്ലാം പ്രധാനമന്ത്രിയുടെ ഇഷ്ടത്തിനനുസരിച്ചല്ലേ? അദ്ദേഹം അധികാരം കേന്ദ്രീകരിക്കുകയാണ് ശിവസേന കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി മോദി സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി. അധികാരം അദ്ദേഹത്തിലേക്കു കേന്ദ്രീകരിക്കുകയാണെന്നും മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കി.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പഞ്ചായത്തീരാജ് നടപ്പാക്കി അധികാരം താഴേതട്ടിലേക്ക് കൊണ്ടുവന്നിരുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് 15 ലക്ഷം ആളുകള്‍ക്കു തൊഴില്‍ നഷ്ടമായി. ഏതാണ്ട് 60 ലക്ഷം ആളുകളെ നോട്ട് അസാധുവാക്കല്‍ ബാധിച്ചു. ഇവയെ നേരിടാന്‍ എന്തു നടപടിയാണു സര്‍ക്കാര്‍ സ്വീകരിച്ചത്– ഉദ്ധവ് ചോദിച്ചു.

ജിഎസ്ടി നടപ്പാക്കിയതിനെയും ശിവസേന കുറ്റപ്പെടുത്തി. ചെക്ക് പോസ്റ്റുകള്‍ തിരികെ കൊണ്ടുവരണമെന്ന് ഉദ്ധവ് ആവശ്യപ്പെട്ടു. ചെക്ക് പോസ്റ്റുകളില്ലെങ്കില്‍ രാജ്യസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിനെയും ശിവസേന കുറ്റപ്പെടുത്തി. കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കര്‍ഷകരെ ഫഡ്‌നാവിസ് സര്‍ക്കാര്‍ കബളിപ്പിക്കുകയാണ്. ബാങ്കുകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ശിവസേന മുഖപത്രത്തില്‍ ആരോപിച്ചു.