ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തു; വഞ്ചിയൂര്‍ സബ്ട്രഷറിയിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് ട്രഷറി വകുപ്പ് ഉദ്യോഗസ്ഥന്‍ പണം തട്ടിയ സംഭവത്തില്‍ സീനിയര്‍ അക്കൗണ്ടന്റിന് സസ്പെന്‍ഷന്‍. വഞ്ചിയൂര്‍ സബ് ട്രഷറിയിലാണ് പണം തിരിമറി നടത്തിയത്. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റായ ബിജുലാല്‍ ആണ് രണ്ട് കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി സബ് ട്രഷറി ഓഫീസര്‍ കണ്ടെത്തിയത്. മെയ് 31 ന് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.

സങ്കീര്‍ണമായ തട്ടിപ്പാണെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ട്രഷറി ഡയറക്ടര്‍ വ്യക്തമാക്കി. കൂടുതല്‍ പണം നേരത്തെയും തട്ടിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അന്വേഷണ വിധേയമായി ബിജുലാലിനെ സസ്പെന്‍ഡ് ചെയ്തു. പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിജുലാലിനെതിരെ കേസെടുക്കും. കഴിഞ്ഞ 27 ന് പണം മാറ്റിയെന്നാണ് സബ് ട്രഷറി ഓഫീസര്‍ പ്രാഥമികമായി കണ്ടെത്തിയത്.

യൂസര്‍ നെയിമും പാസ്വേര്‍ഡും വിരമിക്കുന്ന അന്ന് തന്നെ റദ്ദാക്കപ്പെടും. എന്നാല്‍ മെയ് 31 ന് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍ നയിമും പാസ് വേര്‍ഡും ഉപയോഗിച്ച് ജൂലൈ 27 ന് പണം മാറ്റിയതാണ് ട്രഷറി ഉദ്യോഗസ്ഥരെയും ഞെട്ടിച്ചത്. പണം മാറ്റിയ ശേഷം ഇടപാടിന്റെ വിശദാംശങ്ങള്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍ പണം കൈമാറുന്നതിനുള്ള ഡെ ബുക്കില്‍ രണ്ട് കോടിയുടെ വ്യത്യാസം കണ്ടു. ഈ വ്യത്യാസം എങ്ങനെയെന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തു വന്നത്.