ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

പാലായില്‍ ആരംഭിച്ച ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അബേല്‍ ജോണ്‍സനാണ് പരിക്കേറ്റത്.

അത്‌ലറ്റിക് മീറ്റില്‍ വളണ്ടിയറായി സേവനമനുഷ്ഠിക്കുകയായിരുന്നു അബേല്‍. സ്‌റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ മത്സരത്തിനുശേഷം ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനിടെയാണ് ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്ത് നടന്നുകൊണ്ടിരുന്ന ഹാമര്‍ ത്രോ പിറ്റില്‍ നിന്നുള്ള ഹാമര്‍ തലയില്‍ വന്നു വീണത്. അബേലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.