ഊട്ടിയിലെ സര്‍ക്കാര്‍ വെടിമരുന്ന് ഫാക്ടറിയില്‍ സ്ഫോടനം; മൂന്ന് പേരുടെ നില ഗുരുതരം

ഊട്ടിയിലെ സര്‍ക്കാര്‍ വെടിമരുന്ന് ശാലയായ കൂനൂരിലെ അരവങ്കാട്ടിലെ കോര്‍ഡൈറ്റ് ഫാക്ടറിയുടെ ഉത്പാദന ലൈനില്‍ സ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഫാക്ടറിയിലെ ബേ നമ്പര്‍ 13 ലെ ഒരു ഹൈഡ്രോളിക് പ്രസ്സില്‍ 747-ാം നമ്പര്‍ കെട്ടിടത്തിലാണ് സംഭവം നടന്നതെന്ന് ആയുധ ഫാക്ടറിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ലൂയിസ് എം സാക്‌സ പറഞ്ഞു. സ്ഫോടനവും തീപിടുത്തവും മൂലമാണ് അപകടമുണ്ടായത്.

ബീഹാര്‍ സ്വദേശി സൂരജ് കുമാര്‍ (27), തമിഴ്‌നാട് സ്വദേശികളായ റോബിന്‍സണ്‍, സര്‍ഘുനാഥ് മൂര്‍ത്തി എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. നാഗരാജ്( 42), ദിനേഷ് (43), റോഷന്‍(40) എന്നിവര്‍ക്ക്് സാരമായി പരുക്കേറ്റു.

മിസൈല്‍ പ്രൊപ്പല്ലന്റായ പ്രൊഡക്ഷന്‍ ലൈന്‍ നിര്‍മാണ ബൈ-മോഡിക്കുലാര്‍ ചാര്‍ജ് സിസ്റ്റത്തില്‍ (ബിഎംസിഎസ്) മൂന്ന് പേരും ജോലി ചെയ്തിരുന്നതെന്നും ഇവിടെ വെച്ചാണ് അപകടമുണ്ടായതെന്നും അധികൃതര്‍ പറഞ്ഞു.
മൂന്നുപേരില്‍ ഏറ്റവും ഗുരുതരമായി പരിക്കേറ്റ സൂരജ് കുമാറിന്റെ ശരീരത്തിന്റെ 60 ശതമാനത്തിലധികം പൊള്ളലേറ്റുണ്ട്. അദ്ദേഹത്തെ കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേരുടെയും ശരീരത്തിന് 30 ശതമാനം പൊള്ളലേറ്റു. അവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്.

വെള്ളിയാഴ്ച അര്‍ധരാത്രി 12.30-ഓടെ 747-ാം നമ്പര്‍ കെട്ടിടത്തില്‍ ഹൈഡ്രോളിക് പ്രസ്സിങ് മെഷീനില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

SHARE