നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി; നടനടക്കം മൂന്നുപേര്‍ മരിച്ചു

മൂവാറ്റുപുഴ: നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ കെട്ടിടത്തിലേക്കിടിച്ചു കയറി സിനിമാ നടനടക്കം മൂന്നുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനായി അഭിനയിച്ച വാളകം മേക്കടമ്പ് നടപ്പറമ്പില്‍ ബേസില്‍ ജോര്‍ജ് (30), വാളകം ഇലവങ്ങത്തടത്തില്‍ ബാബുവിന്റെ മകന്‍ നിധിന്‍ (35), വാളകം ഇല്ലേല്‍ വീട്ടില്‍ ജോയിയുടെ മകന്‍ അശ്വിന്‍ ജോയ് (29) എന്നിവരാണ് മരിച്ചത്.

വാളകം മറ്റപ്പിള്ളില്‍ ലതീഷ് (30), സാഗര്‍ (19), കെട്ടിടത്തിലുണ്ടായിരുന്ന അതിഥിത്തൊഴിലാളികളായ റമോണ്‍ ഷേഖ് (37), അമര്‍, ജയദീപ് (30) എന്നിവര്‍ക്കാണു പരിക്ക്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതിന് വാളകം മേക്കടമ്പ് പള്ളിത്താഴത്താണ് അപകടം.

കോലഞ്ചേരിയില്‍നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ വൈദ്യുതപോസ്റ്റിലിടിച്ച ശേഷം, പൊങ്ങണത്തില്‍ ജോണിന്റെ വീടിനോടു ചേര്‍ന്നുള്ള കടയിലേക്കും സമീപത്തെ കെട്ടിടത്തിലേക്കും ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരും അഗ്‌നിരക്ഷാ സേനയുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ബേസില്‍ ജോര്‍ജും നിധിനും അശ്വനും ആശുപത്രിയിലെത്തും മുമ്പേ മരിച്ചു.

SHARE