കരിപ്പൂരിലെ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയത് മന്ത്രി എ.സി മൊയ്തീനെന്ന് മുഖ്യമന്ത്രി; എന്തു തള്ളാണിതെന്ന് നാട്ടുകാര്‍

കോഴിക്കോട്: ‘തദ്ദേശ ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍, ഇവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായി നേതൃത്വം നല്‍കിയത്’ – കരിപ്പൂര്‍ വിമാനത്താവള അപകടവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകളാണിത്.

ഇങ്ങള് എന്തൊരു വിടലാ വിജയേട്ടാ ഇത് ? ഞമ്മളെ പട്ടാളം കണാരേട്ടനെ തോല്‍പ്പിച്ചല്ലോ…!!

Posted by Mk Mohammed Kabeer on Saturday, August 8, 2020

യഥാര്‍ത്ഥത്തില്‍ മന്ത്രി എ.സി മൊയ്തീന്‍ കരിപ്പൂരിലെത്തിയത് വിമാനത്താവളത്തിലെ രക്ഷാദൗത്യം തൊണ്ണൂറു ശതമാനവും കഴിഞ്ഞ ശേഷമാണ്. അപകടമുണ്ടായ ശേഷം തൃശൂരില്‍ നിന്ന് മലപ്പുറത്തേക്ക് പോകുന്നു എന്ന് മന്ത്രി എ.സി മൊയ്തീന്‍ ഫേസ്ബുക്ക് വഴി അറിയിച്ചത് വെള്ളിയാഴ്ച രാത്രി 10.22നാണ്. രാത്രി 7.45നായിരുന്നു വിമാന അപകടം.

അപകടം കഴിഞ്ഞ് മൂന്നു മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് എ.സി മൊയ്തീന്‍ രക്ഷാദൗത്യത്തിനായി കരിപ്പൂരെത്തിയത്. അപ്പോഴേക്കും വിമാനത്തിനുള്ളില്‍ കുടുങ്ങിയ ഏകദേശം എല്ലാവരെയും നാട്ടുകാരും അവിടെയുണ്ടായിരുന്ന പൊലീസുകാരും അഗ്നിശമനാ സേനാംഗങ്ങളും ചേര്‍ന്ന് കൊണ്ടോട്ടിയിലെയും കോഴിക്കോട്ടെയും ആശുപത്രികളിലെത്തിച്ചിരുന്നു.

മലപ്പറം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍, കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം, പ്രാദേശിക ജനപ്രതിനിധികള്‍ എല്ലാം ആദ്യഘട്ടത്തില്‍ തന്നെ വിമാനത്താവളത്തില്‍ എത്തിയതാണ്. അപകടം നടന്ന അരമണിക്കൂറിനകം പി.കെ കുഞ്ഞാലിക്കുട്ടി എംപി, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പി.വി അബ്ദുല്‍ വഹാബ് എംപി, എം.കെ രാഘവന്‍ എംപി തുടങ്ങിയവരും എയര്‍പോര്‍ട്ടിലെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കിയിരുന്നു. 

അപകടം നടന്നത് അറിഞ്ഞതു മുതല്‍ പുലര്‍ച്ചെ വരെ രക്ഷാദൗത്യത്തിന്റെ എല്ലാ ഘട്ടത്തിലും മുസ്‌ലിംലീഗ് എം.എല്‍.എ കൂടിയായ ടി.വി ഇബ്രാഹിം കരിപ്പൂരില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ മരിച്ച ആദ്യത്തെ രണ്ടു പേരുടെ മരണം മാദ്ധ്യമങ്ങളോട് റിപ്പോര്‍ട്ട് ചെയ്തതും അദ്ദേഹമായിരുന്നു. നേതൃപരമായ പങ്കുവഹിച്ച എം.എല്‍.എയുടെയോ മറ്റു യു.ഡി.എഫ് ജനപ്രതിനിധികളുടെയോ പേരു പറയാതിരുന്ന മുഖ്യമന്ത്രി അവിടെ വൈകിയെത്തിയ മന്ത്രിയുടെ പേരു പറഞ്ഞു എന്നതാണ് ശ്രദ്ധേയം.

രക്ഷാദൗത്യത്തില്‍, ഔദ്യോഗിക സംവിധാനങ്ങളുടെ ആംബുലന്‍സുകള്‍ എത്തുന്നതിന്റെ മുമ്പു തന്നെ 70 ശതമാനം ആളുകളെയും നാട്ടുകാര്‍ സ്വന്തം വാഹനങ്ങളില്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇതേക്കുറിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പോസ്റ്റ് ചെയ്ത കുറിപ്പും വിമര്‍ശന വിധേയമാണ്.

രക്ഷാദൗത്യത്തിനായി 46 കനിവ് 108 ആംബുലന്‍സുകളെയാണ് എന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞത്. കോഴിക്കോട് നിന്നുള്ള 31 ഉം മലപ്പുറത്തു നിന്നുള്ള 15 ഉം ആംബുലന്‍സുകളാണ് കരിപ്പൂരെത്തിയത്. 36 പേര്‍ക്കാണ് ആംബുലന്‍സ് സംഘം വൈദ്യസഹായം നല്‍കിയത്.

ഇതേക്കുറിച്ചുള്ള പോസ്റ്റില്‍ രക്ഷാദൗത്യം നടത്തിയ നാട്ടുകാരെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല എന്നതും ശ്രദ്ധേയം. പിന്നീട് ഒരാള്‍ നല്‍കിയ പ്രതികരണത്തിനു താഴെ കമന്റായിട്ടാണ് മന്ത്രി ‘പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോചിതമായി ഇടപെട്ട് ദുരന്തത്തിന്റെ ആഴം കുറച്ചത് നാട്ടുകാരുടെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ്’ എന്ന് കമന്റിട്ടത്.