എ.സി, ഫാന്‍ കടകള്‍ ഞായറാഴ്ച തുറക്കും; കണ്ണട കടകള്‍ക്ക് തിങ്കളാഴ്ച തുറക്കാം

തിരുവനന്തപുരം: കോവിഡ്-19 നിര്‍വ്യാപന/പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ വ്യവസ്ഥകളില്‍ ഇളവ് നല്‍കി ചുവടെപ്പറയുന്ന വിഭാഗങ്ങള്‍ക്ക് ഉപാധികളോടെ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി.
എയര്‍കണ്ടീഷണര്‍, ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ എല്ലാ ഞായറാഴ്ചയും രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ പരമാവധി മൂന്ന് ജീവനക്കാരെ നിയോഗിച്ചു തുറന്ന് പ്രവര്‍ത്തിക്കാം. വയോജനങ്ങള്‍ക്ക് കണ്ണട തകരാറുകള്‍ പരിഹരിക്കുന്നതിനും പുതിയവ വാങ്ങുന്നതിനും കണ്ണടകള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍ എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ പരമാവധി രണ്ട് ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.
കളിമണ്‍ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാര്‍ ഒരു വര്‍ഷത്തേക്കുള്ള മണ്ണ് സംഭരിക്കുന്ന കാലമായതിനാല്‍ തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ച് ഈ പ്രവൃത്തിയിലേര്‍പ്പെടാം.
വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ബീഡി തൊഴിലാളികള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ സ്ഥാപനങ്ങളില്‍ നിന്നും വീട്ടിലെത്തിക്കുന്നതിനും തെറുത്ത ബീഡികള്‍ വീട്ടില്‍ നിന്നും തിരികെ സ്ഥാപനങ്ങളിലെത്തിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ അത്തരം സ്ഥാപനങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പരമാവധി ജീവനക്കാരെ കുറച്ച് പ്രവര്‍ത്തിക്കാവുന്നതും ഈ ആവശ്യത്തിനായി തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാവുന്നതുമാണ്. ഈ സ്ഥാപനങ്ങള്‍/ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കോവിഡ്-19 നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് ‘ബ്രേക്ക് ദി ചെയിന്‍’ പരിപാടിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.